കൈക്കൂലി; മോട്ടര്‍ വാഹനവകുപ്പിലെ 112 ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി
കൈക്കൂലി; മോട്ടര്‍ വാഹനവകുപ്പിലെ 112 ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി
തിരുവനന്തപുരം: കെക്കൂലിയും ക്രമക്കേടും കണ്ടെത്തിയതിനെത്തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പിലെ 112 ഉദ്യാഗസ്ഥര്‍ക്കെതിരേ നടപടിക്ക് വിജിലന്‍സ് ശുപാര്‍ശ. 72 പേര്‍ക്കെതിരേ വകുപ്പുതല നടപടിക്കും ഗുരുതര ക്രമക്കേടുകള്‍ നടത്തിയെന്ന് കണ്ടെത്തിയ 40 ഉദ്യോഗസ്ഥര്‍ക്കെതിരേ തുടരന്വേഷണങ്ങള്‍ക്കുമാണ് ശുപാര്‍ശ. കഴിഞ്ഞ 19-ന് സംസ്ഥാനത്തെ 81 മോട്ടോര്‍ വാഹനവകുപ്പ് ഓഫീസുകളില്‍ നടത്തിയ പരിശോധനയില്‍ കൈക്കൂലിപ്പണം പിടിച്ചെടുക്കുകയും ക്രമക്കേട് കണ്ടെത്തുകയും ചെയ്തിരുന്നു.
ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാനായി എത്തിയ 11 ഏജന്റുമാരില്‍നിന്ന് 1,40,760 രൂപ പരിശോധനയ്ക്കിടെതന്നെ വിജിലന്‍സ് കണ്ടെത്തിയിരുന്നു. വിവിധ ഓഫീസുകളിലെ 21 ഉദ്യോഗസ്ഥര്‍ ഗൂഗിള്‍ പേ വഴി 7,84,598 രൂപ കൈക്കൂലി വാങ്ങിയതും കണ്ടെത്തി. തുടര്‍പരിശോധനകളില്‍ ഉദ്യോഗസ്ഥരും ഇടനിലക്കാരും തമ്മിലുള്ള അനധികൃത ബന്ധത്തിന്റെ തെളിവുകളും ലഭിച്ചു. ടെസ്റ്റിനെത്തുന്നവരുടെ വിവരങ്ങള്‍ ഏജന്റുമാര്‍ സ്ഥിരമായി വാട്സാപ്പ്, ടെലിഗ്രാം എന്നിവ വഴി ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്.
ഏജന്റുമാര്‍ മുഖേനയല്ലാതെ നല്‍കുന്ന അപേക്ഷകള്‍ ഉദ്യോഗസ്ഥര്‍ പരിഗണിക്കാറില്ല. അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരെ വിജിലന്‍സ് നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും നടപടികളുണ്ടാകുമെന്നും വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം പറഞ്ഞു.