ഛോട്ടു പറയുന്നു, കേരളത്തില്‍ നിന്നും പഠിക്കാനേറെയുണ്ട്; സാക്ഷരതാമിഷന്റെ പത്താം തരം-ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയെഴുതിയ അസം സ്വദേശിയുടെ കഥ

Update: 2025-08-26 08:01 GMT

തിരുവനന്തപുരം: ''ഗായ്‌സ്.... ഞാന്‍ അസം സ്വദേശി ആശാദുള്‍ ഹഖ്. എന്റെ ജീവിതത്തില്‍ ഇതുവരെ കിട്ടാത്ത കാര്യം ആര്യനാട് ഗ്രാമ പഞ്ചായത്തും സാക്ഷരതാ മിഷനും കേരള സര്‍ക്കാരും കൂടി നടത്തിത്തന്നിരിക്കുകയാണ് ഗായ്സ്... തനി മലയാളത്തില്‍ ഇങ്ങനെ പറഞ്ഞുകൊണ്ട് ആശാദുള്‍ ഹഖ് തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിട്ടുള്ളത് ഒരു സ്വപ്ന സാക്ഷാല്‍ക്കാരത്തിന്റെ സന്തോഷ നിമിഷങ്ങളാണ് . ഏഴാം ക്ലാസ്സില്‍ പഠനം നിര്‍ത്തി നിത്യവൃത്തിക്കായി ജീവിതത്തോട് പൊരുതികൊണ്ടിരുന്ന അവന്‍ ഏഴു വര്‍ഷം മുന്‍പ് കേരളത്തിലേക്ക് വണ്ടി കയറുമ്പോള്‍ അവന്റെ വിദൂര സ്വപ്നങ്ങളില്‍ പോലും തുടര്‍ പഠനം എന്നൊരു ആശയം ഇല്ലായിരുന്നു.

ഇന്നവന്‍ പത്താം ക്ലാസ് മികച്ച രീതിയില്‍ പാസ്സായി ഹയര്‍ സെക്കണ്ടറി പരീക്ഷയുടെ ഫലം പ്രതീക്ഷിച്ചിരിക്കുകയാണ്.മലയാളം തീരെ വശമില്ലാതിരുന്ന ആശാദ് ഇന്ന് മലയാളം നന്നായി സംസാരിക്കുകയും എഴുതുകയും വായിക്കുകയും മാത്രമല്ല കേരളത്തിലെ പല സ്ഥലങ്ങളില്‍ നിന്നുള്ള വീഡിയോകള്‍ സ്വന്തം യൂട്യൂബില്‍ മലയാളത്തില്‍ തന്നെ അപ് ലോഡ് ചെയ്യുന്നുമുണ്ട്. ഒരിക്കലും നടക്കില്ലെന്നു അവന്‍ കരുതിയ പഠനവഴികള്‍ അവനായി തുറന്നു നല്‍കിയിരിക്കുകയാണ് ഈ നാട്. അതിന് ഈ ഇരുപത്തിനാലുകാരന്‍ നന്ദി പറയുന്നത് കേരളസര്‍ക്കാരിനോടും സാക്ഷരതാമിഷനോടുമാണ്. ആര്യനാട്ടെ ഒരു ഹോട്ടലില്‍ ജീവനക്കാരനായെത്തി ഗ്രാമ്യ ജീവിതത്തിന്റെ ഭാഗമായി മാറിയ ആശാദ് നാട്ടുകാര്‍ക്ക് ഛോട്ടുവാണ്. മലയാളം മനസിലാക്കാനായി ആറ് മാസത്തോളം വേണ്ടിവന്നു പിന്നീട് അടുത്തുള്ള അസീസി ആശ്രമത്തില്‍ ജോലിക്കെത്തിയപ്പോഴാണ് പഠനമോഹം വീണ്ടും തോന്നിയത്. വാര്‍ഡ് മെമ്പര്‍ രാധാകൃഷ്ണനോടും സാക്ഷരതാ പ്രേരക്കായ ബിന്ദു ടീച്ചറിനോടും ആഗ്രഹം പറഞ്ഞതോടെ പത്താം ക്ലാസ് തുല്യതാ പരീക്ഷക്കുള്ള അവസരമൊരുങ്ങി.നല്ല മാര്‍ക്കോടെ പരീക്ഷ പാസായി.തുടര്‍ന്ന് ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും എഴുതി. മികച്ച വിജയം ഉറപ്പിച്ചിരിക്കുകയാണ് ഛോട്ടു.

വീട്ടിലെ സാമ്പത്തികപ്രയാസം കാരണമാണ് ഛോട്ടുവിന് പഠനം നിര്‍ത്തേണ്ടി വന്നത്. 'കൊഴിഞ്ഞു പോ ക്കുകള്‍ കണ്ടെത്താനുള്ള ശ്രമങ്ങളോ മറ്റു പ്രോത്സാഹന ങ്ങളോ അവിടെ ലഭിക്കുകയില്ല.. അസമിലെ സ്‌കൂളുകള്‍ പോലെയല്ല ഇവിടുത്തെത്. നല്ല വൃത്തിയുള്ള സ്‌കൂളുകളും നല്ല ടീച്ചര്‍മാരും' മനസിലാകാത്ത കാര്യങ്ങള്‍ വ്യക്തമായും ലളിതമായും പറഞ്ഞുതരും.

പഠനാന്തരീക്ഷത്തിനും അധ്യാപകരുടെ മനോഭാവത്തിനും നൂറില്‍ നൂറ് മാര്‍ക്കാണ് ഛോട്ടു നല്‍കുന്നത്.

കേരളത്തിലെ കുട്ടികള്‍ക്ക് ഇടയ്ക്ക് വച്ച് പഠനം നിര്‍ത്തേണ്ട സാഹചര്യം ഉണ്ടാകാറില്ല.മറ്റുള്ളവര്‍ക്ക് മാതൃക ആക്കാവുന്ന തരത്തില്‍ ഒട്ടേറെ മികച്ച കാര്യങ്ങളാണ് കേരള സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ ചെയ്യുന്നത്. അതിനു പുറമെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക സംഘടനകളും സ്‌കൂള്‍ തുറക്കലിന് മുന്നോടിയായിതന്നെ പഠനസാമഗ്രികള്‍ സൗജന്യമായി എത്തിക്കുന്നു. അങ്ങനെയൊരു സഹായം അവിടെ കിട്ടിയിരുന്നെങ്കില്‍ തന്റെ പഠനം മുടങ്ങുമായിരുന്നില്ല. പെണ്‍കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം അവിടെ കിട്ടാറില്ലെന്നും 18 വയസായാല്‍ വിവാഹം കഴിപ്പിച്ചുവിടാറാണ് പതിവെന്നും ഛോട്ടു പറയുന്നു. ജീവിതത്തില്‍ ആദ്യമായി അംഗീകാരം കിട്ടിയത് മലയാളികള്‍ക്കിടയില്‍ നിന്നാണെന്ന് പറയുന്ന ഛോട്ടു ജീവിക്കാന്‍ ഏറ്റവും നല്ല സ്ഥലം കേരളമാണെന്നും പറയുന്നു. നാട്ടില്‍ അമ്മയും അച്ഛനും ചേച്ചിയുമുണ്ട്. തുടര്‍ന്നും പഠിക്കണമെന്നാണ് ആഗ്രഹം.

അതിഥി തൊളിലാളികളെ മലയാളം പഠിപ്പിക്കുന്നതിന് വേണ്ടി സാക്ഷരതാ മിഷന് ചങ്ങാതി എന്ന പേരില്‍ ഒരു പദ്ധതിയുണ്ട്. ഈ പദ്ധതി വഴിയാണ് ഛോട്ടു തുല്യതാ പരീക്ഷ പാസ്സായത്. ആശാദുള്‍ ഹഖ് നാട്ടിലെ ഏഴാം ക്ലാസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി തുടര്‍പഠനത്തിന് യോഗ്യത നേടുകയായിരുന്നുവെന്ന് സാക്ഷരാതമിഷന്‍ ജില്ലാ കോഡിനേറ്റര്‍ നിര്‍മ്മല ജോയി പറഞ്ഞു. പൊതു അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലുമാണ് സാക്ഷരതാ മിഷന്‍ തുല്യതാ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. സര്‍ക്കാര്‍ എയ്ഡഡ് അണ്‍ എയ്ഡഡ് സ്‌കൂളുകളിലാണ് ക്ലാസുകള്‍ നടത്തുന്നത്. ഇക്കൊല്ലം പ്ലസ് വണിന് 1050 പേരും ഹയര്‍ സെക്കണ്ടറിയില്‍ 1241 പേരും പരീക്ഷ എഴുതിയിട്ടുണ്ട്. പരീക്ഷ നടത്തുന്നത് ഹയര്‍ സെക്കണ്ടറി ബോര്‍ഡാണ്.

Similar News