10,000 രൂപ നൽകാത്തതിൽ വിരോധം; മാതാപിതാക്കളെ അറക്കവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു; വീട്ടിലെ സാധനങ്ങൾ തീയിട്ടു; രണ്ടേമുക്കാൽ പവൻ മാലയുമായി കടന്ന മകൻ പിടിയിൽ
തൃശൂർ: പണം നൽകാത്തതിന് മാതാപിതാക്കളെ അറക്കവാൾ ഉപയോഗിച്ച് ആക്രമിച്ച് സ്വർണമാല കവർന്ന കേസിൽ മകൻ അറസ്റ്റിൽ. മറ്റത്തൂർ ഐപ്പുട്ടിപ്പടി പാറപറമ്പിൽ സുരേഷ് (52) ആണ് വെള്ളിക്കുളങ്ങര പോലീസിന്റെ പിടിയിലായത്. പിതാവ് രാമു (74), മാതാവ് വാസന്തി എന്നിവരെയാണ് ഇയാൾ ആക്രമിച്ചത്.
കഴിഞ്ഞ ഓഗസ്റ്റ് 23-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. 10,000 രൂപ ആവശ്യപ്പെട്ടപ്പോൾ മാതാപിതാക്കൾ നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് സുരേഷ് അക്രമാസക്തനായത്. ഇയാൾ മാതാപിതാക്കളെ അസഭ്യം പറയുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. തുടർന്ന് മരംമുറിക്കുന്ന അറക്കവാൾ ഉപയോഗിച്ച് അമ്മ വാസന്തിയുടെ തലയിലും ഇടത് കൈവിരലിലും വെട്ടിപ്പരിക്കേൽപ്പിച്ചു. വീട്ടിലെ സാധനങ്ങൾക്ക് തീയിടുകയും ചെയ്തു.
അക്രമത്തിനുശേഷം കിടപ്പുമുറിയുടെ വാതിൽ തകർത്ത് അകത്തുകയറിയ സുരേഷ് അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടേമുക്കാൽ പവൻ തൂക്കമുള്ള സ്വർണമാല കവർന്ന് കടന്നുകളയുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് വെള്ളിക്കുളങ്ങര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
മോഷ്ടിച്ച സ്വർണമാല മതിലകം പടിഞ്ഞാറേ വെമ്പല്ലൂരിലെ ഒരു ധനകാര്യ സ്ഥാപനത്തിൽ 20,000 രൂപയ്ക്ക് പണയം വെച്ചതിന്റെ രസീത് പോലീസ് ഇയാളിൽ നിന്ന് കണ്ടെടുത്തു. ജോലിയൊന്നും ചെയ്യാതെ മാതാപിതാക്കളുടെ ചെലവിലാണ് സുരേഷ് കഴിഞ്ഞിരുന്നത്. ഇയാൾ വിവാഹിതനാണെങ്കിലും ഭാര്യയും മക്കളും വേർപിരിഞ്ഞാണ് താമസിക്കുന്നത്.
പൊതുസ്ഥലത്ത് മദ്യപിച്ചതിനും ലഹരി ഉപയോഗിച്ച് പൊതുജനങ്ങളെ ശല്യം ചെയ്തതിനും കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ അടിപിടി കേസ് ഉൾപ്പെടെ ആറ് ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. വെള്ളിക്കുളങ്ങര ഇൻസ്പെക്ടർ കൃഷ്ണൻ കെ, എസ്.ഐ ശ്രീനിവാസൻ എം.എസ്, ജി.എ.എസ്.ഐ മനോജ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.