കശ്മീരില്‍ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമം; രണ്ട് ഭീകരരെ വധിച്ചു
കശ്മീരില്‍ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമം; രണ്ട് ഭീകരരെ വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപോര ജില്ലയിലെ ഗുരെസ് സെക്ടറില്‍ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക്കിസ്ഥാന്‍ ഭീകരരെ ഇന്ത്യന്‍ സൈന്യം വെടിവെച്ച് കൊലപ്പെടുത്തി. ഓപ്പറേഷന്‍ നൗഷേര നാര്‍ കഢന്റെ ഭാഗമായി നൗഷേര നാറിന് സമീപമാണ് ഏറ്റുമുട്ടലുണ്ടായത്. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കാനുള്ള സംഘത്തിന്റെ ശ്രമം ഇന്ത്യ പരാജയപ്പെടുത്തുകയായിരുന്നു. തുടര്‍ന്നുണ്ടായ വെടിവെപ്പിലാണ് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്.
പുലര്‍ച്ചയോടെ, മറ്റ് നുഴഞ്ഞുകയറ്റക്കാര്‍ ആരും ഇല്ലെന്ന് ഉറപ്പാക്കാന്‍ ഇന്ത്യന്‍ സൈന്യം പ്രദേശത്ത് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു. ഇതിനിടെയാണ് കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഏറ്റുമുട്ടലിനെത്തുടര്‍ന്ന്, കൂടുതല്‍ നുഴഞ്ഞുകയറ്റക്കാരോ സംശയാസ്പദമായ പ്രവര്‍ത്തനങ്ങളോ ഇല്ലെന്ന് ഉറപ്പാക്കാന്‍ സമീപപ്രദേശങ്ങളിലും തിരച്ചില്‍ ആരംഭിച്ചു.
'നുഴഞ്ഞുകയറ്റ ശ്രമം നടക്കാന്‍ സാധ്യതയുണ്ടെന്ന് ജമ്മു കശ്മീര്‍ പോലീസ് നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സൈന്യവും ജമ്മുകശ്മീര്‍ പോലീസും ചേര്‍ന്ന് ഗുരെസ് സെക്ടറില്‍ ഒരു സംയുക്ത ഓപ്പറേഷന്‍ ആരംഭിച്ചു. സംശയാസ്പദമായ നീക്കം സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതിനു പിന്നാലെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം ശക്തമായി തിരിച്ചടിക്കുകയും രണ്ട് ഭീകരരെ വധിക്കുകയും ചെയ്തു. ഓപ്പറേഷന്‍ പുരോഗമിക്കുകയാണ്' -ഇന്ത്യന്‍ സൈന്യം എക്സ് പോസ്റ്റില്‍ അറിയിച്ചു.