ആലുവ രാജഗിരി ആശുപത്രിയില്‍ വിദേശികളായ രോഗികള്‍ക്കും ബന്ധുക്കള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി ഓണാഘോഷം; ഓണം സമാധാനത്തിന്റെയും സഹോദര്യത്തിന്റെയും ആഗോള ഉത്സവമാകണമെന്ന് കാതോലിക്കാ ബാവ
ആലുവ രാജഗിരി ആശുപത്രിയില്‍ വിദേശികളായ രോഗികള്‍ക്കും ബന്ധുക്കള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി ഓണാഘോഷം
കൊച്ചി: ആലുവ രാജഗിരി ആശുപത്രിയില്‍ വിദേശികളായ രോഗികള്‍ക്കും ബന്ധുക്കള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി ഓണാഘോഷം നടത്തി. സന്തോഷവും സമാധാനവും പരസ്പരം പങ്കിട്ടുകൊണ്ടും അന്യന്റെ വേദനയ്ക്ക് പരിഹാരമേകിക്കൊണ്ടുമുള്ള ആഗോള ഉത്സവമായി ഓണം മാറണമെന്ന് ഓണാഘോഷം ഉദ്ഘാടനം ചെയ്ത മലങ്കര ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാബാവ. അതിനുള്ള ആഗോള ഉത്തരവാദിത്തമാകണം നാം ഓരോരുത്തരും നിര്‍വഹിക്കേണ്ടത്. ഓണത്തിന്റെ സന്ദേശമായ ഐശ്വര്യവും സമ്പദ്‌സമൃദ്ധിയും എല്ലായിടവും നിറച്ചുകൊണ്ട് ലോകസമാധാനത്തിനുവേണ്ടിയുള്ള ആഘോഷമാക്കി ഓണത്തെ മാറ്റണമെന്നും കാതോലിക്കാബാവ പറഞ്ഞു.
ലോകം ഒരു ഗ്രാമം പോലെ ചെറുതായിക്കഴിഞ്ഞു. എല്ലാരാജ്യങ്ങളിലുള്ളവര്‍ക്കും പരസ്പരം അറിയാം. ആരും അകത്തല്ല,ആരും പുറത്തുമല്ല. അതുകൊണ്ടാണ് ഉക്രെയ്‌നിലും ഗാസയിലുമുള്ളവരുടെയും വേദന നമ്മുടെയെല്ലാം വേദനയായി മാറുന്നത്. ആ വേദന അനുഭവപ്പെടാത്തവര്‍ മനുഷ്യരാകില്ല. നമ്മളിന്ന് ഒരു രാജ്യമല്ല പടുത്തുയര്‍ത്തുന്നത്,ഒറ്റലോകം എന്ന ആശയമാണ്. മുമ്പ് ഓണം നമ്മുടേതുമാത്രമായിരുന്നു. ലോകം അതിര്‍വരമ്പുകളില്ലാതെ പരസ്പര സഹവര്‍ത്തിത്തത്തോടെ ഒന്നായിക്കഴിഞ്ഞ ഇക്കാലത്ത് ഓണം ലോകജനതയുടേത് മുഴവനുമാകണം.
ആഗോളതലത്തിലുള്ള യോജിപ്പ് സൃഷ്ടിക്കുവാന്‍ നമുക്ക് ആഗോളമായ ഉത്തരവാദിത്തമുണ്ട്. ചികിത്സാരംഗത്ത് ഈ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റാന്‍ രാജഗിരി ആശുപത്രിക്ക് കഴിയുന്നു. ലോകം മുഴുവനുള്ളവരുടെ ആരോഗ്യം സംരക്ഷിക്കുകയെന്നത് വലിയ കാര്യമാണ്.
കാലാവസ്ഥാവ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നത് ഈ ഭൂമി മുഴുവനുമാണ്. ഏതെങ്കിലും ഒരു രാജ്യത്ത് വനം നശിപ്പിക്കപ്പെടുമ്പോള്‍ അതിന്റെ ഭവിഷ്യത്ത് ലോകം മുഴുവനുമുള്ളവരെ ബാധിക്കും. യുദ്ധം ഒരു രാജ്യത്തെ തകര്‍ക്കുമ്പോള്‍ അത് മറ്റുരാജ്യങ്ങള്‍ക്കും പ്രതികൂലമായിത്തീരും.
കാലാവസ്ഥയിലും സാമൂഹികപരിതസ്ഥിതിയിലുമുള്ള മാറ്റങ്ങള്‍ മാത്രമല്ല, അവനവന്റെ ഉള്ളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പരിവര്‍ത്തനങ്ങളും നമ്മള്‍ തിരിച്ചറിയണം. അതിനനുസരിച്ച് സ്വയം മാറണം. വ്യക്തിയിലുള്ള നവീകരണമാണ് പിന്നീട് സമൂഹത്തിന്റേതായി മാറുന്നത്. അതാകണം ഓണത്തിന്റെ യഥാര്‍ഥ സന്ദേശം.-കാതോലിക്കാബാവ പറഞ്ഞു. ആഘോഷങ്ങളുടെ പേരിലുള്ള ധൂര്‍ത്ത് അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങിന്റെ ഭാഗമായൊരുക്കിയ വടംവലിയും ഓണസദ്യയുമെല്ലാം വിദേശികള്‍ക്ക് പുതിയ കാഴ്ചകളായി. വടംവലിയില്‍ ആവേശത്തോടെയാണ് അവര്‍ പങ്കെടുത്തത്. കേരളീയവേഷം ധരിച്ചായിരുന്നു ഇവരില്‍ പലരും ആഘോഷത്തിനെത്തിയത്. 72ഓളം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ രാജ?ഗിരി ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തുന്നുണ്ട്. ഇവരില്‍ ഉഗാണ്ട, മാലദ്വീപ്, ഒമാന്‍, തുടങ്ങിയ 15ഓളം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ആഘോഷത്തിനുണ്ടായിരുന്നു.
രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ജോണ്‍സണ്‍ വാഴപ്പിള്ളി സിഎംഐ, അസോസിയേറ്റ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ.ജെയ്ക്കബ് വര്‍ഗീസ്, ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ അലി ഉസം(മാലിദ്വീപ്),അബ്ദുള്ള സെയ്ഫ് സലിം അല്‍ ഖ്വാസ്മി(ഒമാന്‍)അബു ബൊഗേറ(ഉഗാണ്ട),വിര്‍ലാന്‍ എലേന(മള്‍ഡോവ) എന്നിവര്‍ സംസാരിച്ചു.