ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ബോളിവുഡ് താരം അക്ഷയ് കുമാര്‍; ഹെലികോപ്ടറില്‍ എത്തി ദര്‍ശനം
തൃശൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ബോളിവുഡ് താരം അക്ഷയ് കുമാര്‍. ഹെലികോപ്റ്ററില്‍ ശ്രീകൃഷ്ണാ കോളേജിലെ ഹെലിപാഡില്‍ വന്നിറങ്ങിയ താരം കേരളീയ വേഷമാണ് ധരിച്ചത്. കോളേജ് ഗ്രൗണ്ടില്‍ വ്യായാമം ചെയ്യുന്നവര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാനും അക്ഷയ് കുമാര്‍ മടിച്ചില്ല.
മുണ്ടും കുര്‍ത്തയുമണിഞ്ഞാണ് താരം ഗുരുവായൂരിലെത്തിയത്. തുടര്‍ന്ന് ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയ അക്ഷയ് കുമാര്‍ ആചാരപരമായ വേഷങ്ങള്‍ ധരിച്ചാണ് ദര്‍ശനത്തിനായി ക്ഷേത്രത്തിലേക്ക് തിരിച്ചത്. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗം കെ.എസ്. ബാലഗോപാല്‍, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് അക്ഷയ് കുമാറിനെ സ്വീകരിച്ചത്. ഹെലികോപ്ടര്‍ ഇറങ്ങാന്‍ എല്ലാ സഹായം ചെയ്തത് കേരളാ പോലീസായിരുന്നു.
ആദ്യമായാണ് അക്ഷയ് കുമാര്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ഹിന്ദി ചിത്രത്തില്‍ അഭിനയിക്കാനായാണ് അക്ഷയ് കുമാര്‍ കേരളത്തിലെത്തിയത്.