കത്തിയുമായി യുവതികളുടെ പിന്നാലെ ചെന്നു ഭീഷണിപ്പെടുത്തി; തടയാന്‍ ശ്രമിച്ച യുവാവിനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു: അന്യസംസ്ഥാന തൊഴിലാളി പിടിയില്‍
കത്തിയുമായി യുവതികളുടെ പിന്നാലെ ചെന്നു ഭീഷണിപ്പെടുത്തി; അന്യസംസ്ഥാന തൊഴിലാളി പിടിയില്‍
കൊച്ചി: കത്തിയുമായി യുവതികളുടെ പിന്നാലെ ചെന്ന് ഭീഷണിപ്പെടുത്തുകയും യുവാവിനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത ഇതരസംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. മഹാരാഷ്ട്ര സ്വദേശിയായ ഷെയ്ക്ക് ഷാ (34)യാണ് പിടിയിലായത്. പാലാരിവട്ടത്ത് ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം.
ബസ് സ്റ്റോപ്പില്‍ നിന്നിരുന്ന യുവതിയെയാണ് ഷെയ്ക്ക് ഷാ ആദ്യം ശല്യം ചെയ്തത്. കൂട്ടുകാരികള്‍ എത്തിയതോടെ യുവതി സംഭവം അവരോട് പറഞ്ഞു. യുവതികള്‍ ഇത് ചോദ്യം ചെയ്തതോടെ ഷെയ്ക്ക് ഷാ കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ഭയന്നോടിയ യുവതികളെ ഇയാള്‍ പിന്തുടര്‍ന്നു. സംഭവം കണ്ട കൊല്ലം സ്വദേശിയായ വൈശാഖ് ഇയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഷെയ്ക്ക് ഷായുടെ കൈവശമുണ്ടായ വടി ഉപയോഗിച്ച് വൈശാഖിനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു. വൈശാഖിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു.
പിന്നീട് നാട്ടുകാരാണ് ഷെയ്ക്ക് ഷായെ പിടികൂടി കൈകള്‍ ബന്ധിച്ച് പോലീസില്‍ ഏല്‍പ്പിച്ചത്. മാനസികവെല്ലുവിളി നേരിടുന്നയാളാണ് ഷെയ്ക്ക് ഷാ എന്നാണ് പോലീസ് പറഞ്ഞത്. ഇയാളെ കൂനമ്മാവ് ഇവാഞ്ചലിക്കല്‍ ആശ്രമത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.