റേഷന്‍ കടയില്‍ ജോലിക്ക് വരാന്‍ വിസമ്മതിച്ചതിന് യുവതിയെ വീട് കയറി ആക്രമിച്ചു; കുട്ടിയെ തട്ടിക്കൊണ്ടു പോകാനും ശ്രമം: രണ്ടു പേര്‍ അറസ്റ്റില്‍
റേഷന്‍ കടയില്‍ ജോലിക്ക് വരാന്‍ വിസമ്മതിച്ചതിന് യുവതിയെ വീട് കയറി ആക്രമിച്ചു
തിരുവനന്തപുരം: റേഷന്‍ കടയില്‍ ജോലിക്ക് വരാന്‍ വിസമ്മതിച്ചതിന് നഗരൂരില്‍ യുവതിയെ ആക്രമിച്ച കേസില്‍ രണ്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തു. റൗഡി ലിറ്റില്‍ ഉള്‍പ്പെട്ട കല്ലമ്പലം ബൈജു എന്ന് വിളിക്കുന്ന ബൈജുവും കൂട്ടാളി ആദേഷ് എന്നിവരാണ് നഗരൂര്‍ പൊലീസിന്റെ പിടിയിലായത്. ബൈജുവിന്റെ കിളിമാനൂര്‍ ഉള്ള റേഷന്‍ കടയില്‍ ജോലിക്ക് വരാന്‍ യുവതി വിസമ്മതിച്ചതിന് കഴിഞ്ഞ ദിവസം രാത്രി യുവതിയുടെ വീട് ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.
നാട്ടുകാര്‍ ഓടി എത്തിയതിനെ തുടര്‍ന്ന് പ്രതികള്‍ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചക്ക് ആലങ്കോട് വഞ്ചിയൂര്‍ ബസ് സ്റ്റോപ്പില്‍ വെച്ച് യുവതിയുടെ കയ്യില്‍ കടന്ന് പിടിച്ചു. യുവതിയുടെ കുട്ടിയെ എടുത്ത് കടന്നു കളയാനും ശ്രമിച്ചു. വിവരം അറിഞ്ഞെത്തിയ പൊലീസിനെ കണ്ട് ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി. പിടിവലിക്കിടയില്‍ പ്രതികള്‍ രണ്ട് പൊലീസുകാരേയും മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരും ആശുപത്രിയില്‍ ചികിത്സ തേടി.