പന്തളത്തുനിന്നും കാണാതായ 12 വയസുകാരനെ തിരുവനന്തപുരത്ത് കണ്ടെത്തി

Update: 2025-09-10 13:27 GMT

പത്തനംതിട്ട: പന്തളത്തുനിന്നും കാണാതായ 12 വയസുകാരനെ തിരുവനന്തപുരത്ത് കണ്ടെത്തി. മുളമ്പുഴ സ്വദേശിയായ ഹരിനന്ദിനെ (ശ്രീനന്ദ് 12) ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ വീട്ടില്‍നിന്നും സൈക്കിളില്‍ ഇറങ്ങിയ ഹരിനന്ദ് പന്തളത്തെത്തി എം സി റോഡ് വഴി തിരുവനന്തപുരത്ത് എത്തുകയായിരുന്നു. കുട്ടിയുടെ ബന്ധു നല്‍കിയ 500 രൂപയുമായാണ് യാത്രതിരിച്ചത്. കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ പന്തളം പൊലീസില്‍ വിവരം അറിയിച്ചു.

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസും നാട്ടുകാരും വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.പിന്നീട് സി.സി.ടി.വി കാമറകള്‍ പരിശോധിച്ചപ്പോള്‍ കുട്ടി സൈക്കിളില്‍ പോകുന്നത് കണ്ടെത്തി. നവ മാധ്യമങ്ങളിലും കുട്ടിയെ കണ്ടെത്താനായുള്ള പ്രചരണം വ്യാപകമായി. തോട്ടക്കോണം ഹൈസ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥി പോകാന്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളും പൊലീസ് പരിശോധിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

പിന്നീട് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ സന്ദേശമയച്ചു. തിരുവനന്തപുരം തമ്പാനൂരില്‍നിന്നും മറ്റൊരു ബസില്‍ കയറി പോകാന്‍ ശ്രമിക്കുമ്പോള്‍ കണ്ടക്ടര്‍ക്ക് സംശയം തോന്നി തമ്പാനൂര്‍ പൊലീസ് ഹെഡ് പോസ്റ്റില്‍ ഉണ്ടായിരുന്ന പൊലീസുകാരനെ ഏല്‍പ്പിച്ചു. ഓണം വാരാഘോഷത്തിന്റെ സമാപന ദിവസമായിരുന്ന ചൊവ്വാഴ്ച, തിരുവനന്തപുരത്തെ തിരക്കിനിടയിടയിലാണ് കുട്ടിയെ കണ്ടെത്തിയത്. രാത്രിയോടെ ഹരിനന്ദിനെ പൊലീസ് പന്തളത്തെ വീട്ടിലെത്തിച്ചു.

Similar News