യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ഇവിടെ...നായ ഉണ്ട് സൂക്ഷിക്കുക..!!; തെരുവുനായ ഭീഷണിയിൽ അങ്ങാടിപ്പുറം റെയില്‍വെ സ്റ്റേഷന്‍; ആളുകൾ കടി കിട്ടാതെ പോകുന്നത് ജസ്റ്റ് മിസ്സിന്
മലപ്പുറം: അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ യാത്രക്കാർക്ക് ഭീഷണിയാകുന്നു. സ്റ്റേഷനിലേക്കുള്ള വഴികളിലും പ്ലാറ്റ്ഫോമുകളിലും ടിക്കറ്റ് കൗണ്ടറിന് സമീപത്തും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. ഇരിപ്പിടങ്ങളും പ്ലാറ്റ്ഫോമും നായ്ക്കൾ കൈയ്യടക്കിയ നിലയിലാണ്. ട്രെയിൻ വിവരങ്ങൾക്കൊപ്പം "നായ് കടിയേൽക്കാതെ സൂക്ഷിക്കുക" എന്ന മുന്നറിയിപ്പ് നൽകേണ്ടി വരുന്നത് സ്ഥിതിയുടെ ഗൗരവം വ്യക്തമാക്കുന്നു.
പ്രത്യേകിച്ച് പുലർച്ചെ സ്റ്റേഷനിലെത്തുന്നവരും രാജ്യറാണി എക്സ്പ്രസിനായി കാത്തിരിക്കുന്നവരുമാണ് നായ്ക്കളുടെ ആക്രമണ ഭീതിയിൽ കഴിയുന്നത്. സ്റ്റേഷനിലേക്കുള്ള വഴിയിൽ വേണ്ടത്ര വെളിച്ചമില്ലാത്തതും റെയിൽവേ സ്റ്റേഷന് സമീപം വിവിധയിടങ്ങളിൽ മാലിന്യം തള്ളുന്നതും നായ്ക്കൾ കൂട്ടത്തോടെയെത്താൻ കാരണമാകുന്നു.
പൊതുസുരക്ഷ ഉറപ്പാക്കേണ്ടത് പഞ്ചായത്തിന്റെ ചുമതലയാണെന്നും, തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.