തൊണ്ടിമുതലായ ചന്ദനത്തൈലം വിറ്റ് ലക്ഷങ്ങള്‍ നേടി വനംവകുപ്പ്; ഇ ലേലത്തിലൂടെ ലഭിച്ചത് 46.92 ലക്ഷം രൂപ
തൊണ്ടിമുതലായ ചന്ദനത്തൈലം വിറ്റ് ലക്ഷങ്ങള്‍ നേടി വനംവകുപ്പ്
ഇടുക്കി: തൊണ്ടിമുതലായി പിടികൂടിയ ചന്ദനത്തൈലം വിറ്റ് വനംവകുപ്പ് നേടിയത് ലക്ഷങ്ങള്‍. ഇ-ലേലത്തിലൂടെ 14 കിലോ തൈലമാണ് ബുധനാഴ്ച വിറ്റത്. 46.92 ലക്ഷം രൂപ (നികുതിയില്ലാതെ 37.87 ലക്ഷം രൂപ) ലഭിച്ചു. ഇ-ലേലത്തില്‍ കോഴിക്കോട് കേരള സോപ്‌സ് കമ്പനി 12 കിലോ തൈലവും തിരുവനന്തപുരം ഹാന്‍ഡിക്രാഫ്റ്റ്‌സ് ഡിവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ രണ്ടുകിലോ തൈലവുമാണ് വാങ്ങിയത്. ഒരു കിലോ തൈലത്തിന് 2.70 ലക്ഷം രൂപയാണ് അടിസ്ഥാനവിലയായി നിശ്ചയിച്ചിരുന്നത്.
2024 ജൂണ്‍ 13-നാണ് ഇതിന് മുന്‍പ് ചന്ദനത്തൈലം ഇ ലേലം നടന്നത്. 1998ല്‍ പീച്ചി റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി പിടികൂടിയ 225 കിലോ ചന്ദനത്തൈലമാണ് വനംവകുപ്പ് ലേലത്തിന് വെക്കുന്നത്. പരിശോധനയില്‍ മികച്ചതൈലമാണ് എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന്് ലേലംചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കല്‍ക്കത്ത മെറ്റല്‍ സ്‌കാര്‍പ്പ് ആന്‍ഡ് ട്രെയ്ഡിങ് കമ്പനിക്കാണ് ഇ-ലേലത്തിന്റെ ചുമതല. ലേലതുകയുടെ 0.008 ശതമാനം കമ്മിഷന്‍ തുക കമ്പനിക്ക് ലഭിക്കും.