ആഡംബര കാറില്‍ വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച് കഞ്ചാവ് വില്‍പന; അന്യസംസ്ഥാനക്കാരായ രണ്ട് പേര്‍ അറസ്റ്റില്‍

ആഡംബര കാറില്‍ കഞ്ചാവ് വില്‍പന; രണ്ട് പേര്‍ അറസ്റ്റില്‍

Update: 2025-09-11 02:38 GMT

പെരുമ്പാവൂര്‍: ആഡംബര കാറില്‍ വില്‍പ്പനയ്ക്ക് കൊണ്ടുവന്ന എട്ട് കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് മധുബോണ സ്വദേശി മണിറുല്‍ മണ്ഡല്‍ (27), സോണ്‍ജൂര്‍ മണ്ഡല്‍ (25) എന്നിവരെയാണ് പെരുമ്പാവൂര്‍ എഎസ്പി ഹാര്‍ദിക് മീണയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. ബുധനാഴ്ച പുലര്‍ച്ചെ കൂവപ്പടി പാപ്പന്‍പടി ഭാഗത്ത് കഞ്ചാവ് കൈമാറാന്‍ ഇടപാടുകാരനെ കാത്തുനില്‍ക്കുന്നതിനിടെയാണ് ഇവര്‍ കസ്റ്റഡിയിലായത്.

നാളുകളായി ഇവര്‍ പോലിസ് നിരീക്ഷണത്തിലായിരുന്നു. ഒഡിഷയില്‍നിന്ന് കാറിലാണ് കഞ്ചാവുമായി എത്തിയത്. വെസ്റ്റ് ബംഗാള്‍ രജിസ്ട്രേഷനിലുള്ള കാറിന്റെ നമ്പര്‍പ്ലേറ്റ് മാറ്റി കേരള രജിസ്ട്രേഷനില്‍ വ്യാജ നമ്പര്‍ ഘടിപ്പിച്ചിരുന്നു.ഒഡിഷയില്‍നിന്ന് 2000 രൂപയ്ക്കു വാങ്ങുന്ന കഞ്ചാവ് കേരളത്തില്‍ 25000 - 30,000 നിരക്കിലാണ് വില്‍പ്പന നടത്തിയിരുന്നത്. വില്‍പ്പന കഴിഞ്ഞ് അന്നുതന്നെ നാട്ടിലേക്ക് മടങ്ങുകയാണ് രീതി.

കഴിഞ്ഞയാഴ്ച തടിയിട്ടപറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കാറില്‍ കടത്തിയ 90 കിലോ കഞ്ചാവ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് മുര്‍ഷിദാബാദ് സ്വദേശികളെ കസ്റ്റഡിയിലെടുത്തിരുന്നു. രണ്ട് സംഘങ്ങളും തമ്മില്‍ ബന്ധമുള്ളതായാണ് പോലീസിനു ലഭിച്ച വിവരം. പിടിയിലായവര്‍ ഏജന്റുമാരാണെന്നും കരുതുന്നു. ഇവര്‍ ഉപയോഗിച്ച രജിസ്റ്റര്‍ നമ്പറില്‍ കൊല്ലം സ്വദേശിയായ റിട്ട. പോലീസ് ഉദ്യോഗസ്ഥന് കാറുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

Tags:    

Similar News