പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മൃതദേഹം വിജനമായ സ്ഥലത്ത് കത്തിക്കരിഞ്ഞ നിലയില്‍; മരണകാരണം പാറയില്‍ എഴുതിവെച്ച നിലയില്‍

പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മൃതദേഹം വിജനമായ സ്ഥലത്ത് കത്തിക്കരിഞ്ഞ നിലയില്‍

Update: 2025-09-11 04:26 GMT

മുതലമട: രാവിലെ സ്‌കൂളിലേക്ക് പോയ പ്ലസ് ടു വിദ്യാര്‍ഥിനിയെ വിജനമായ പ്രദേശത്ത് തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മുതലമട കള്ളിയമ്പാറയില്‍ പരേതനായ കലാധരന്റെയും ഷീബയുടെയും മകള്‍ ഗോപികയാണ് (17) മരിച്ചത്. രാവിലെ സ്‌കൂളിലേക്കെന്നു പറഞ്ഞു പോയ വിദ്യാര്‍ഥിയുടെ മൃതദേഹം വീടിന് അര കിലോമീറ്റര്‍ ദൂരെയുള്ള പാറമേട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. അമ്മയാണ് കത്തിക്കരിഞ്ഞ നിലയിലുള്ള മകളുടെ മൃതദേഹം കണ്ടെത്തിയത്.

സ്‌കൂളില്‍നിന്നു വരേണ്ടസമയം കഴിഞ്ഞും കാണാത്തതിനെത്തുടര്‍ന്ന് മകളെ തിരക്കി ഇറങ്ങിയതായിരുന്നു അമ്മ ഷീബ. സാധാരണയായി മകള്‍ ഇരിക്കാറുള്ള പാറമേട്ടിലേക്ക് അമ്മ ഷീബ വൈകീട്ട് ആറോടെ അന്വേഷിച്ചെത്തി. എന്നാല്‍ പാറമേട്ടില്‍ മകള്‍ കത്തിക്കരിഞ്ഞു കിടക്കുന്നതാണ് ഷീബ കണ്ടത്. ഉടന്‍ തന്നെ ഇവര്‍ നിലവിളിച്ച് കരഞ്ഞ് ഓടി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പഞ്ചായത്ത് അംഗം ബി. മണികണ്ഠന്‍ പോലീസിനു വിവരം നല്‍കി.

കൊല്ലങ്കോട് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ മൃതദേഹത്തിനരികില്‍നിന്ന് ബാഗ്, മൊബൈല്‍ ഫോണ്‍, ഡയറി എന്നിവ കണ്ടെടുത്തു. മണ്ണെണ്ണ തലയിലൂടെ ഒഴിച്ച് തീ കൊളുത്തിയതെന്നാണ് പ്രാഥമികനിഗമനം. മരണകാരണം ഡയറിയില്‍ എഴുതിയതായി വിവരമുണ്ട്. കൂടാതെ മൃതദേഹം കണ്ടെത്തിയ പാറയിലും മരണത്തിലേക്ക് നയിച്ച കാരണങ്ങളെ സംബന്ധിച്ചു ഗോപിക എഴുതിയിട്ടുണ്ട്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വ്യാഴാഴ്ച പോലീസ് നടപടികള്‍ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. കൊല്ലങ്കോട് ബിഎസ്എസ് എച്ച്എസ്എസിലെ വിദ്യാര്‍ഥിയാണ് ഗോപിക. സഹോദരന്‍: ഗോകുല്‍.

Tags:    

Similar News