പ്ലസ് ടു വിദ്യാര്‍ഥിയെ മര്‍ദിച്ച കായികാധ്യാപകന്റെ പേരില്‍ കേസ്: അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്ത് സര്‍ക്കാര്‍

പ്ലസ് ടു വിദ്യാര്‍ഥിയെ മര്‍ദിച്ച കായികാധ്യാപകന്റെ പേരില്‍ കേസ്

Update: 2025-09-11 01:51 GMT

കൊല്ലം: പ്ലസ് ടു വിദ്യാര്‍ഥിയെ മര്‍ദിച്ച കായികാധ്യാപകന്റെ പേരില്‍ അഞ്ചാലുംമൂട് പോലീസ് കേസെടുത്തു. തുടര്‍ന്ന് വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദേശപ്രകാരം അധ്യാപകനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കുട്ടിയെ രണ്ടാഴ്ചത്തേക്ക് സ്‌കൂളില്‍നിന്ന് മാറ്റിനിര്‍ത്താനും നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് 3.45-ഓടെ അഞ്ചാലുംമൂട് ഗവ. എച്ച്എസ്എസിലാണ് സംഭവം.

ഇടവേളസമയത്ത് കാന്റീനിനു സമീപം സംസാരിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികള്‍ സഭ്യമല്ലാത്ത വാക്കുകള്‍ ഉപയോഗിച്ചത് കായികാധ്യാപകന്‍ ഷാഫി ചോദ്യംചെയ്തത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. മൂക്കിനും നെറ്റിക്കും പരിക്കേറ്റ വിദ്യാര്‍ഥി കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. സംഭവത്തില്‍ പരിക്കേറ്റ അധ്യാപകന്‍ കടയ്ക്കല്‍ ഗവ. ആശുപത്രിയില്‍ ചികിത്സതേടിയിട്ടുണ്ട്.

സംഭവം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷൈജു ജില്ലാ വിദ്യാഭ്യാസ ഓഫീസറെയും പോലീസിനെയും അറിയിച്ചു. വിദ്യാര്‍ഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അഞ്ചാലുംമൂട് പോലീസ് കേസെടുത്തത്. അധ്യാപകനെ മര്‍ദിച്ചെന്നു കാണിച്ച് സ്‌കൂള്‍ എച്ച്എം പരാതിയും നല്‍കിയിട്ടുണ്ട്. അതും അന്വേഷിച്ച് നടപടിയെടുക്കുമെന്ന് അഞ്ചാലുംമൂട് പോലീസ് അറിയിച്ചു.

Tags:    

Similar News