പെരുമ്പാവൂരില്‍ 66 ഗ്രാം ഹെറോയിനുമായി 52കാരി അറസ്റ്റില്‍; പിടിയിലായത് വീട്ടില്‍വെച്ച് ചെറുഡപ്പികളില്‍ ഹെറോയിന്‍ നിറയ്ക്കുന്നതിനിടെ
പെരുമ്പാവൂരില്‍ 66 ഗ്രാം ഹെറോയിനുമായി 52കാരി അറസ്റ്റില്‍
പെരുമ്പാവൂര്‍: 66 ഗ്രാം ഹെറോയിനുമായി കണ്ടന്തറ ബംഗാള്‍ കോളനിയില്‍ നിന്ന് സ്ത്രീയെ പിടികൂടി. പലചരക്ക് വ്യാപാരത്തിന്റെ മറവില്‍ മയക്കുമരുന്ന് ഇടപാടുകള്‍ നടത്തുകയായിരുന്ന കാരോത്തുകുടി വീട്ടില്‍ സലീന അലിയാര്‍ (52) ആണ് അറസ്റ്റിലായത്. കുന്നത്തുനാട് എക്സൈസും നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ചേര്‍ന്നു നടത്തിയ പരിശോധനയില്‍ 9.33 ലക്ഷം രൂപയും നോട്ടെണ്ണുന്ന യന്ത്രവും രണ്ട് മൊബൈല്‍ ഫോണുകളും കണ്ടെടുത്തു. ഹെറോയിന്‍ വില്‍പ്പന നടത്തി കിട്ടിയതാണ് പണമെന്ന് എക്സൈസ് സംഘം അറിയിച്ചു.
ഇവരുടെ വീട്ടില്‍വെച്ച് ചെറുഡപ്പികളില്‍ ഹെറോയിന്‍ നിറയ്ക്കുന്ന സമയത്തായിരുന്നു പരിശോധന. ഒപ്പമുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. ഇതരസംസ്ഥാനക്കാര്‍ മുഖേന അസമില്‍ നിന്നാണ് മയക്കുമരുന്നെത്തിക്കുന്നത്. പോലീസിനും എക്സൈസിനും വിവരങ്ങള്‍ താനാണ് നല്‍കുന്നതെന്ന് ഇവര്‍ നാട്ടില്‍ പ്രചരിപ്പിച്ചിരുന്നു.
നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയില്‍നിന്നും കുന്നത്തുനാട് എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, പെരുമ്പാവൂര്‍ റെയ്ഞ്ച്, മാമല റെയ്ഞ്ച് എന്നിവിടങ്ങളില്‍ നിന്നുമുള്ള ഉദ്യോഗസ്ഥരും ചേര്‍ന്നായിരുന്നു പരിശോധന. കൂടുതല്‍ അന്വേഷണം നടക്കുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.