സ്വര്‍ണപ്പാളി വിഷയത്തില്‍ സിബിഐ അന്വേഷണം വേണം; ദേവസ്വം പ്രസിഡന്റ് രാജിവെക്കണമെന്ന് കുമ്മനം രാജശേഖരന്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശുപാര്‍ശ നല്കണം. സംസ്ഥാനത്തിന് പുറത്തുള്ള ചില ഏജന്‍സികള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ സിബിഐയ്ക്ക് മാത്രമേ ഇതെല്ലാം പുറത്ത് കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെങ്കില്‍ വിദഗ്ദ്ധമായ അന്വേഷണമാണ് ആവശ്യം അത് സിബിഐയ്ക്ക് മാത്രമേ സാധിക്കൂവെന്നും അന്വേഷണം സിബിഐയ്ക്ക് തന്നെ വിട്ടുകൊടുക്കണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.
വിവാദങ്ങളില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് രാജിവെക്കണം. സ്വര്‍ണപ്പാളി വിഷയത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണം. അയ്യപ്പ സംഗമത്തില്‍ എത്തി ആചാരത്തെക്കുറിച്ചും അയ്യപ്പഭക്തരെ കുറിച്ചും സംസാരിച്ച മുഖ്യമന്ത്രി എന്തുകൊണ്ട് സ്വര്‍ണ്ണപ്പാളിയെ കുറിച്ച് മിണ്ടുന്നില്ല. വിശ്വാസത്തെ നശിപ്പിക്കാന്‍ ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുവെന്ന് ഭക്തജനങ്ങള്‍ക്ക് ആശങ്കയുണ്ട്. ബന്ധപ്പെട്ട എല്ലാവരും ദ്വാരപാലകര്‍ക്കു സ്വര്‍ണം പൂശി എന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. 2019 ശേഷം എന്ത് സംഭവിച്ചു എന്ന് വ്യക്തമാകണം.
അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെയും കമ്മീഷണറെയും ഇന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെയും കമ്മീഷണറെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യാത്തത് എന്താണ്? നേരത്തെ ക്ഷേത്രത്തില്‍ ഗോളക 40 വര്‍ഷം വാറണ്ടിയോടുകൂടി നല്‍കിയതാണ്. എന്നാല്‍ അത് ആറുവര്‍ഷം കഴിയുമ്പോഴേക്കും മാറ്റേണ്ടിവന്നു.ഉണ്ണികൃഷ്ണന്‍ പോറ്റിയെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയാണ് വേണ്ടതെന്നും കുമ്മനംരാജശേഖരന്‍ വ്യക്തമാക്കി. അതേസമയം, ശബരിമല സ്വര്‍ണപാളി വിവാദത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാണ് പന്തളം കൊട്ടാരം നിര്‍വാഹക സമിതി സെക്രട്ടറി എം ആര്‍ സുരേഷ് വര്‍മ പ്രതികരിച്ചത്.