ശബരിമല ദ്വാരപാലക ശില്‍പത്തിന്റെ സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റി ആന്ധ്രയിലും എത്തിച്ചു; വിശദ അന്വേഷണത്തിന് ദേവസ്വം വിജിലന്‍സ്

Update: 2025-10-04 07:18 GMT

കോട്ടയം: ശബരിമല ദ്വാരപാലക ശില്‍പത്തിന്റെ സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റി ആന്ധ്രയിലും എത്തിച്ചെന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തി. പെന്തൂര്‍ത്തി അയ്യപ്പക്ഷേത്രത്തിലാണ് സ്വര്‍ണ്ണപ്പാളി എത്തിച്ചത്. സ്വര്‍ണ്ണപ്പാളി എത്തിച്ചതില്‍ വന്‍തുക ഭക്തരില്‍ നിന്നും പിരിച്ചതായും സംശയമുണ്ട്. ആന്ധ്രയില്‍ നിന്നുള്ള ഭക്തരെ നേരില്‍ കണ്ട് വിവരങ്ങള്‍ ശേഖരിക്കാനാണ് ദേവസ്വം വിജിലന്‍സ് തീരുമാനം. അതേസമയം, തനിക്ക് ദേവസ്വം തന്നത് ചെമ്പ് പാളികള്‍ തന്നെയെന്നും ഇക്കാര്യം ദേവസ്വം മഹസറില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു. സ്വര്‍ണപാളി പ്രദര്‍ശന വസ്തുവാക്കിയിട്ടില്ലെന്നും ആരില്‍ നിന്നും പണപ്പിരിവ് നടത്തിയിട്ടില്ലെന്നം ഉണ്ണികൃഷ്ണന്‍ പോറ്റി കൂട്ടിച്ചേര്‍ത്തു. ഇതിനിടെയാണ് പുതിയ അന്വേഷണം.

ഉത്തര ആന്ധ്ര ശബരിമല എന്നാണ് ക്ഷേത്രം അറിയപ്പെടുന്നത്. ക്ഷേത്രത്തിന്റെ നിര്‍മാണത്തിന് പിന്നില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയും ആന്ധ്രയില്‍ നിന്നുള്ള ഭക്ത സംഘടനയുമാണ്. എല്ലാവര്‍ഷവും മകരവിളക്കിന് ദിവസങ്ങള്‍ക്കു മുമ്പ് ഈ സംഘം സന്നിധാനത്ത് എത്തുന്നുണ്ട്. സന്നിധാനത്ത് വച്ചാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഭക്തരെ പരിചയപ്പെടുന്നത്. ശബരിമലയിലെ രണ്ട് ദ്വാരപാലക ശില്‍പങ്ങളിലുമായി 1999ല്‍ അഞ്ച് കിലോ സ്വര്‍ണം പൂശിയെന്ന് വിജയ് മല്യക്ക് വേണ്ടി സ്വര്‍ണം പൂശിയത് പരിശോധിച്ച സെന്തില്‍ നാഥന്‍ പറഞ്ഞു. 1999ല്‍ സ്വര്‍ണം പൊതിഞ്ഞ ശേഷമുള്ള ദ്വാരപാലക ശില്‍പങ്ങളുടെ ചിത്രങ്ങളും സെന്തില്‍ നാഥന്‍ പുറത്തുവിട്ടു.അങ്ങനെയെങ്കില്‍ ആദ്യം പൂശിയ സ്വര്‍ണം എവിടെ പോയെന്ന ചോദ്യവും ബാക്കിയാകുന്നു. 2019ല്‍ സ്വര്‍ണപ്പാളി കൊണ്ടുപോയ കാര്യങ്ങള്‍ തന്നോട് ചോദിക്കേണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ പ്രതികരണം.

ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളില്‍ സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ തള്ളി ഉണ്ണികൃഷ്ണന്‍ പോറ്റി രംഗത്തു വന്നിരുന്നു. വാര്‍ത്തകള്‍ക്ക് യാഥാര്‍ഥ്യവുമായി ബന്ധമില്ല. എല്ലാ ആരോപണങ്ങള്‍ മാത്രമാണ്. വിജിലന്‍സ് വിളിച്ചാല്‍ ചോദ്യം ചെയ്യലിന് ഹാജരാകും, പറയാനുള്ളത് കോടതിയില്‍ പറയുമെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. അറ്റകുറ്റപ്പണികള്‍ക്കായി തനിക്ക് ലഭിച്ചത് ചെമ്പ് പാളികളാണ്. മഹസര്‍ ഉള്‍പ്പെടെയുള്ള രേഖകളില്‍ ഇത് വ്യക്തമാണ്. അതിന് മുന്‍പ് സ്വര്‍ണം പൂശിയതിനെ കുറിച്ച് അറിയില്ല. അതിന് മുന്‍പ് സ്വര്‍ണം പൂശിയത് കാലഹരണപ്പെട്ടത് കൊണ്ടായിരിക്കാം ദേവസ്വം അങ്ങനെയൊരു തീരുമാനം എടുത്തത്. പാളികളില്‍ സ്വര്‍ണം ഉണ്ടായിരുന്നോ എന്നും അറിയില്ല. ദ്വാരപാലകശില്‍പങ്ങളുടെ പാളികള്‍ താന്‍ എടുത്തുകൊണ്ട് പോയതല്ല, ദേവസ്വം തന്നതാണെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പ്രതികരിച്ചു.

ദ്വാരപാലക ശില്‍പത്തിന്റെ സ്വര്‍ണപ്പാളി അറ്റകുറ്റപണിക്ക് കൊണ്ടുപോയപ്പോള്‍ കാലതാമസം ഉണ്ടായെന്ന ആരോപണവും ഉണ്ണികൃഷ്ണന്‍ പോറ്റി നിഷേധിച്ചു. ആരോപണങ്ങളില്‍ പറയുന്ന വിധത്തില്‍ 39 ദിവസങ്ങള്‍ ഒന്നും കാലതാമസം ഉണ്ടായിട്ടില്ല. ഒരാഴ്ചയോളം മാത്രമാണ് താമസം ഉണ്ടായത്. പാളികളില്‍ അറ്റകുറ്റ പണി നിര്‍ദേശിച്ചിരുന്നു. അതാണ് കാലതാമസം വന്നത്. ഇത്തരം സാധനങ്ങള്‍ കൈമാറുമ്പോഴുള്ള നടപടിക്രമളുമായി ബന്ധപ്പെട്ട ബൈലോയെ കുറിച്ച് അറിയില്ല. കവാടങ്ങള്‍ പ്രദര്‍ശന വസ്തുവാക്കിയിട്ടില്ലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു.

Similar News