യുവതി ധരിച്ചിരുന്ന ചെരിപ്പിനുള്ളില്‍ ഒളിപ്പിച്ചത് പത്ത് ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ; ബെംഗളൂരില്‍ നിന്നും ലഹരി മരുന്നുമായി എത്തിയ യുവതിയും യുവാവും അറസ്റ്റില്‍

10 ലക്ഷത്തിന്റെ MDMA ചെരിപ്പിനുള്ളിൽ

Update: 2025-10-06 04:04 GMT

കോവളം: ചെരിപ്പിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച പത്ത് ലക്ഷം രൂപ വിലവരുന്ന എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റില്‍. ബെംഗളൂരുവില്‍ നിന്നും 193 ഗ്രാം എംഡിഎംഎയുമായി എത്തിയ ഇരുവരും സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. ചെമ്പഴന്തി അങ്കണവാടി ലെയ്ന്‍ സാബു ഭവനില്‍ സാബു(36), സുഹൃത്തും ശ്രീകാര്യം കരിയം കല്ലുവിള സൗമ്യാഭവനില്‍ രമ്യ(36) എന്നിവരെയാണ് സിറ്റി ഡാന്‍സാഫ് സംഘം പിന്തുടര്‍ന്ന് പിടികൂടിയത്.

രഹസ്യ വിവരത്തെ തുടര്‍ന്ന് ഇരുവരും ഡാന്‍സാഫിന്റെ നിരീക്ഷണത്തിലായിരുന്നു. കാര്‍ കോവളത്ത് എത്തിയതോടെയാണ് ഡാന്‍സാഫ് സംഘം ഇരുവരേയും വളഞ്ഞത്. ഒരാഴ്ച മുന്‍പായിരുന്നു ഇരുവരും മയക്കുമരുന്ന് വാങ്ങുന്നതിനായി ശ്രീകാര്യത്തുനിന്ന് കാറില്‍ ബെംഗളൂരുവിലേക്കു പോയത്. അവിടെ തങ്ങിയശേഷം ഏജന്റിന്റെ പക്കല്‍നിന്ന് മൂന്നുലക്ഷം രൂപനല്‍കിയാണ് മയക്കുമരുന്ന് വാങ്ങി തിരുവനന്തപുരം ശ്രീകാര്യത്തേക്കു മടങ്ങിയത്. ഈ വിവരം സിറ്റി ഡാന്‍സാഫ് സംഘത്തിനു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളാതിര്‍ത്തി മുതല്‍ ഡാന്‍സാഫിന്റെ സംഘത്തെ നിയോഗിച്ചിരുന്നു.

ഞായറാഴ്ച രാവിലെ കാരോട് കഴക്കൂട്ടം ദേശീയപാതയിലേക്ക് ഇവര്‍ കടന്നതോടെ കോവളത്തിനും മുല്ലൂരിനുമിടയില്‍ ഡാന്‍സാഫ് സംഘം വാഹനങ്ങളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. കോവളം ഭാഗത്തേക്കു വരുകയായിരുന്ന ഇവരുടെ കാറിനെ ഡാന്‍സാഫ് സംഘം പിന്തുടര്‍ന്ന് കോവളം ജങ്ഷനില്‍ വെച്ച് പിടികൂടുകയായിരുന്നു. വാഹനം പരിശോധിച്ചുവെങ്കിലും ഒന്നും കണ്ടെത്താനായില്ല.

തുടര്‍ന്ന് വനിതാ പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ ദേഹപരിശോധനയില്‍ യുവതി ധരിച്ചിരുന്ന ചെരിപ്പുകള്‍ക്കുള്ളില്‍നിന്നു പ്രത്യേകരീതിയില്‍ പൊതിഞ്ഞിരുന്ന എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. പലപ്രാവശ്യം ഇവര്‍ ഇത്തരത്തില്‍ എംഡിഎംഎ കടത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് പിടിയിലാകുന്നത്. നടപടികള്‍ക്കുശേഷം പ്രതികളെ കോവളം പോലീസിനു കൈമാറി.

Tags:    

Similar News