നീര്‍വേലി യില്‍ യു.കെ കുഞ്ഞിരാമന്‍ രക്തസാക്ഷി സ്തൂപം കരി ഓയില്‍ ഒഴിച്ചു വികൃതമാക്കി; ആര്‍ എസ് എസ് എന്നാരോപിച്ച് സിപിഎം

Update: 2025-10-08 06:21 GMT

കണ്ണൂര്‍ :കൂത്തുപറമ്പ് - മട്ടന്നൂര്‍ സംസ്ഥാന പാതയിലെ നീര്‍വേലി യില്‍ സി.പി.എം രക്തസാക്ഷി സ്തൂപം അജ്ഞാതര്‍ വികൃതമാക്കിയതായി പരാതി. തലശേരി കലാപ സമയത്ത് മുസ്ലിം പള്ളിക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ തടയാന്‍ കാവല്‍ നിന്നപ്പോള്‍ കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകന്‍ യു.കെ. കുഞ്ഞിരാമന്റെ രക്തസാക്ഷി സ്മൃതിമണ്ഡപമാണ് വികൃതമാക്കിയ നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച്ച രാത്രി 12 മണിയോടെയാണ് സംഭവം.

അക്രമത്തിന് പിന്നില്‍ ആര്‍.എസ്. എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു. യു.കെ രക്തസാക്ഷി മണ്ഡപത്തില്‍ കരി ഓയില്‍ ഒഴിച്ചും സമീപത്തുണ്ടായിരുന്ന കൊടിമരം പിഴുതെറിഞ്ഞുമാണ് സ്മാരകം വികൃതമാക്കിയിരിക്കുന്നത്. മട്ടന്നൂര്‍ നഗരസഭയിലെനീര്‍വേലി അളകാപുരിയെന്ന പ്രദേശത്താണ് യു.കെ. കുഞ്ഞിരാമന്റെ സ്മാരകം സ്ഥാപിച്ചിട്ടുള്ളത്. സി.പി.എം സ്വാധീന പ്രദേശമാണ് നീര്‍ വേലി.

സംഭവത്തില്‍ മട്ടന്നൂര്‍ പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലിസ് അറിയിച്ചു. സംഭവസ്ഥലം സി.പി.എം നേതാക്കള്‍ സന്ദര്‍ശിച്ചു.

Similar News