തിരുവനന്തപുരം-കോഴിക്കോട് മെട്രോ റെയില്‍ പദ്ധതികളുടെ റിപ്പോര്‍ട്ടുകള്‍ പരിഗണനയില്‍; മികച്ച അലൈന്‍മന്റ് കണ്ടെത്തുമെന്ന് മുഖ്യമന്ത്രി

Update: 2025-10-08 07:18 GMT

തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് മെട്രോ റെയില്‍ പദ്ധതികളുടെ റിപ്പോര്‍ട്ടുകള്‍ പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ പി വി ശ്രീനിജന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

തിരുവനന്തപുരം, കോഴിക്കോട് മെട്രോ റെയില്‍ പദ്ധതിക്കായി 2017 ലെ പുതുക്കിയ മെട്രോ നയത്തിന് അനുസൃതമായി വിശദ പദ്ധതി രേഖ (ഡിപിആര്‍) തയ്യാറാക്കേണ്ടതുണ്ട്. പദ്ധതി നിര്‍വഹണത്തിനായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി കൊച്ചി മെട്രോ റെയില്‍ സമര്‍പ്പിച്ച സമഗ്ര മൊബിലിറ്റി പ്ലാന്‍, ആള്‍ട്ടര്‍നേറ്റീവ് അനാലിസിസ് റിപ്പോര്‍ട്ട് എന്നിവ സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇവ അംഗീകരിച്ചശേഷം കേന്ദ്രാനുമതിയോടുകൂടി ഡിപിആര്‍ അന്തിമമാക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കഴിയും.

തിരുവനന്തപുരം മെട്രോ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ശ്രീകാര്യം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് സമര്‍പ്പിച്ച വിവിധ അലൈന്‍മെന്റുകള്‍ പരിശോധിച്ച് ഏറ്റവും മെച്ചപ്പെട്ടതും കൂടുതല്‍ യാത്രക്കാര്‍ക്ക് പ്രയോജനപ്രദവുമായ തരത്തില്‍ അലൈന്‍മെന്റ് നിശ്ചയിക്കുന്നതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സെക്രട്ടറിതല സമിതിയെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

കൊച്ചി മെട്രോ രണ്ടാംഘട്ടത്തിലെ നിര്‍മാണപ്രവൃത്തി പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോ പാര്‍ക്ക് വഴി, സ്മാര്‍ട്ട് സിറ്റി വരെ 11.2 കി.മീ ദൈര്‍ഘ്യമുള്ള രണ്ടാം ഘട്ട നിര്‍മ്മാണം പുരോഗമിച്ചുവരികയാണ്. മറ്റു സ്ഥലങ്ങളിലേക്ക് മെട്രോ ദീര്‍ഘിപ്പിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Similar News