ഒന്നിച്ചുകഴിഞ്ഞത് പറഞ്ഞ് ഭീഷണി; വക്കീല്‍ ഗുമസ്തനില്‍ നിന്നും എട്ടു പവന്‍ സ്വര്‍ണവും പണവും തട്ടിയ 36കാരി പിടിയില്‍

Update: 2025-10-09 16:00 GMT

പരപ്പനങ്ങാടി: വക്കീല്‍ ഗുമസ്തനെ ഭീഷണിപ്പെടുത്തി എട്ടു പവന്‍ സ്വര്‍ണാഭരണവും 18 ലക്ഷം രൂപയും കവര്‍ന്ന 36കാരി പിടിയില്‍. മഞ്ജു, രമ്യ എന്നീ പേരുകളില്‍ അറിയപ്പെടുന്ന കോഴിക്കോട് മീഞ്ചന്ത പന്നിയങ്കര സ്വദേശിനി ചമ്പയില്‍ വിനിതയാണ് അറസ്റ്റിലായത്. സംഭവത്തില്‍ കൂട്ടുപ്രതിയെന്ന് സംശയിക്കുന്ന വിനിതയുടെ ഭര്‍ത്താവ് രാഗേഷിന് നോട്ടീസ് നല്‍കിയതായും പൊലീസ് അറിയിച്ചു.

വക്കീല്‍ ഗുമസ്തനുമൊന്നിച്ചുകഴിഞ്ഞത് മുന്‍നിര്‍ത്തി 2022-2024 കാലയളവിലാണ് വിനിത ഭീഷണിപ്പെടുത്തി പലപ്പോഴായി പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തത്.

പരപ്പനങ്ങാടി എസ്.എച്ച്.ഒ വിനോദ് വലിയാട്ടൂരും സംഘവുമാണ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഫോണ്‍ കാള്‍ ലിസ്റ്റ് പരിശോധിച്ചപ്പോള്‍ സമാന സംഭവങ്ങള്‍ വേറെയും ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങളുടെ നെറ്റ് വര്‍ക്ക് വ്യാപകമാണെന്നും പരപ്പനങ്ങാടി എസ്.എച്ച്.ഒ പറഞ്ഞു.

അന്വേഷണസംഘത്തില്‍ സി.ഐ വിനോദ് വിലയാട്ടൂരിനു പുറമെ എസ്.ഐ റീന, എസ്.ഐ വിജയന്‍, സി.പി.ഒ പ്രജോഷ്, എസ്.സി.പി.ഒ മഹേഷ് എന്നിവരുമുണ്ടായിരുന്നു. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മഞ്ചേരി ജയിലില്‍ റിമാന്‍ഡ് ചെയ്തു.

Similar News