ഗതാഗതക്കുരുക്ക് തുടരുകയാണെന്ന് കളക്ടര്‍; ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് വിലക്ക് തുടരും

Update: 2025-10-14 07:31 GMT

കൊച്ചി: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് വിലക്ക് തുടരും. ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതില്‍ വെള്ളിയാഴ്ച ഉത്തരവിറക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഗതാഗതക്കുരുക്ക് തുടരുകയാണെന്ന കളക്ടറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി. മേനോന്‍ എന്നിവരുടെ ബെഞ്ച് ടോള്‍ പിരിവ് നിരോധനം നീട്ടിയത്.

ടോള്‍ പിരിവ് താത്കാലികമായി നിര്‍ത്തിവച്ചുകൊണ്ടുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ദേശീയ പാതാ അതോറിറ്റിയുടെ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഓണ്‍ലൈനായി ഹാജരായ തൃശൂര്‍ കളക്ടറോട് ഇന്ന് തന്നെ സ്ഥലം സന്ദര്‍ശിച്ച് പരിശോധിക്കാനും കോടതി നിര്‍ദേശം നല്‍കി. കളക്ടറോട് നിലവിലെ റോഡിന്റെ അവസ്ഥയെക്കുറിച്ച് കോടതി വിവരം തേടി. 60 കിലോമീറ്റര്‍ ടോള്‍ പിരിക്കുന്ന ദൂരത്തില്‍ മൂന്നോ നാലോ ഇടങ്ങളില്‍ മാത്രമാണ് പ്രശ്‌നമെന്നാണ് എജി ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍, എവിടെയൊക്കെയാണ് പ്രശ്‌നമെന്ന് കോടതി കളക്ടറോട് ചോദിച്ചു. അഞ്ചു കിലോമീറ്റര്‍ ദൂരത്തിലാണ് പ്രശ്‌നമെന്ന് കളക്ടര്‍ മറുപടി നല്‍കി.

ഈ റോഡിലൂടെ സഞ്ചരിച്ചാല്‍ പ്രശ്‌നങ്ങള്‍ മനസിലാകുമെന്നും ഇവിടെ ഇരിക്കുന്ന എല്ലാവര്‍ക്കും അത് വ്യക്തമായി അറിയാമെന്നും ഹൈക്കോടതി എജിക്ക് മറുപടി നല്‍കി. സുഗമമായ ഗതാഗതം ഉറപ്പാക്കിയശേഷമേ ടോള്‍ പിരിക്കാവുവെന്ന സുപ്രീംകോടതി ഉത്തരവും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Tags:    

Similar News