വെഞ്ഞാറമൂട്ടിലെ മേല്‍പാല നിര്‍മ്മാണം; എംസി റോഡില്‍ പുതിയ ഗതാഗത നിയന്ത്രണങ്ങള്‍; നാളെ മുതല്‍ നിയന്ത്രണങ്ങള്‍

Update: 2025-10-14 08:31 GMT

തിരുവനന്തപുരം: എംസി റോഡില്‍ തിരുവനന്തപുരത്ത് വെഞ്ഞാറമൂട്ടില്‍ മേല്‍പാല നിര്‍മാണവുമായി ബന്ധപ്പെട്ട് പുതിയ ഗതാഗത നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നു. ബുധനാഴ്ച മുതല്‍ പുതുക്കിയ ട്രാഫിക് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഡി.കെ മുരളി എംഎല്‍എയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് പുതുക്കിയ ട്രാഫിക് നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്തത്. ഇതുപ്രകാരം നാളെ മുതല്‍ നടപ്പിലാക്കുന്ന നിയന്ത്രണങ്ങള്‍ ഇപ്രകാരമാണ്:

1. ഒരുതരത്തിലുമുള്ള ഹെവി വാഹനങ്ങളും വെഞ്ഞാറമൂട് ഭാഗത്തേക്ക് കടന്നു വരാന്‍ അനുവദിക്കില്ല. തിരുവനന്തപുരത്ത്‌നിന്ന് വരുന്ന ഹെവി വാഹനങ്ങള്‍ കന്യാകുളങ്ങരയില്‍നിന്ന് ഇടത്തേക്കും വെമ്പായത്ത് നിന്ന് വലത്തേക്കും തിരിഞ്ഞു പോകേണ്ടതും കൊട്ടാരക്കര ഭാഗത്ത്‌നിന്ന് വരുന്ന ഹെവി വാഹനങ്ങള്‍ കിളിമാനൂര്‍, കാരേറ്റ് വാമനപുരം ജങ്ഷനുകളില്‍നിന്ന് വലത്തേക്കും തിരിഞ്ഞു പോകേണ്ടതാണ്.

2. കൊട്ടാരക്കരയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകേണ്ട കെഎസ്ആര്‍ടിസി ബസുകള്‍ അമ്പലമുക്കില്‍ നിന്ന് വെഞ്ഞാറമൂട് സ്റ്റാന്റില്‍ എത്തി തിരിച്ച് നാഗരുകുഴി വഴി പിരപ്പന്‍കോടെത്തി പോകണം.

3.തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് പോകേണ്ട കെഎസ്ആര്‍ടിസി ബസുകള്‍ തൈക്കാട് സമന്വയ നഗര്‍ തിരിഞ്ഞ് മൈത്രീ നഗറിലെത്തി ആറ്റിങ്ങല്‍ റോഡിലേക്ക് തിരിയേണ്ടതും മുക്കുന്നുര്‍ നിന്ന് വലത്തേക്ക് തിരിഞ്ഞ് ത്രിവേണി ജംഗ്ഷന്‍ വഴി എം.സി റോഡിലെത്തണം.

4. തിരുവനന്തപുരത്ത്‌നിന്നും പോത്തന്‍കോട് ഭാഗത്ത് നിന്നും വെഞ്ഞാറമൂട്ടില്‍ എത്തേണ്ട കെഎസ്ആര്‍ടിസി വാഹനങ്ങള്‍ തൈക്കാട് നിന്ന് വയ്യേറ്റ് പെട്രോള്‍ പമ്പിന്റെ ഭാഗത്തെത്തി യാത്രക്കാരെ ഇറക്കി തിരികെ പോകണം. അതേസമയം ആറ്റിങ്ങല്‍ - നെടുമങ്ങാട് റോഡില്‍ വാഹന നിയന്ത്രണമില്ല.

നിലവില്‍ ഇരുചക്രവാഹനങ്ങള്‍ക്കും കാറുകള്‍ക്കും വെഞ്ഞാറമൂട് വഴി കടന്നുപോകാനാവും. എന്നാല്‍ തിരക്ക് വര്‍ധിച്ചാല്‍ ഇവയ്ക്കും നിയന്ത്രണം ബാധകമാകും.

Similar News