അംഗീകാരവും അടിസ്ഥാന സൗകര്യവുമില്ല; ഇടുക്കി നഴ്‌സിങ് കോളേജില്‍ വിദ്യാര്‍ത്ഥികളുടെ സമരം
ഇടുക്കി നഴ്‌സിങ് കോളേജില്‍ വിദ്യാര്‍ത്ഥികളുടെ സമരം
ചെറുതോണി: ഇടുക്കി ഗവ. നഴ്‌സിങ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല സമരം തുടങ്ങി. കോളേജിന് നഴ്‌സിങ് കൗണ്‍സില്‍ അംഗീകാരവും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. അടിസ്ഥാന സൗകര്യമൊരുക്കണമെന്ന് വിദ്യാര്‍ഥികള്‍ നാളുകളായി ആവശ്യപ്പെടുകയാണ്. അതിനിടെ പ്രശ്‌നപരിഹാരമുണ്ടാക്കാമെന്ന് മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടറുടെ ഉറപ്പില്‍ താത്കാലികമായി സമരം നിര്‍ത്തിവെച്ചു. എങ്കിലും ഇതുവരെ പ്രശ്‌നപരിഹാരം ആവാതെ വന്നതോടെയാണ് വിദ്യാര്‍ത്ഥികള്‍ വീണ്ടും സമരത്തിന് ഇറങ്ങിയത്.
നിലവില്‍ വിദ്യാര്‍ഥികള്‍ സ്‌കൂള്‍കെട്ടിടത്തിലാണ് താമസിക്കുന്നത്. ക്ലാസ് മുറികളില്ലാത്തതിനാല്‍ പഠനം, മെഡിക്കല്‍ കോളേജിലെത്തുന്ന രോഗികള്‍ക്ക് ഒപ്പമിരുന്നാണ്. പൈനാവിലെ 39 മുറികളുള്ള മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് വിട്ടുനല്കാന്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ തയ്യാറായിട്ടില്ല. കേരള ബിഎസ്‌സി നഴ്‌സിങ് സ്റ്റുഡന്റസ് അസോസിയേഷന്‍, എസ്എന്‍എ, കോളേജ് യൂണിയന്‍ എന്നിവയുടെ നേതൃത്വത്തിലായിരുന്നു സമരം.
ചര്‍ച്ച ശനിയാഴ്ച
പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശനിയാഴ്ചയാണ് മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ സമരം തുടരുമെന്ന് വിദ്യാര്‍ഥി സംഘടനാനേതാക്കള്‍ പറഞ്ഞു.