ഇത്തരം ചോദ്യങ്ങള്‍ തന്നോട് വേണ്ടെന്നും ഇതിനൊന്നും താന്‍ മറുപടി പറയില്ലെന്നും സതീശന്‍; കോണ്‍ഗ്രസ് പ്രതിസന്ധിയിലെ ചോദ്യങ്ങളോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കെപിസിസി പുന:സംഘടനയ്ക്ക് പിന്നാലെ കോണ്‍ഗ്രസിലുണ്ടാകുന്ന ആക്ഷേപങ്ങളില്‍ പ്രതികരിക്കാതെ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. പുന:സംഘടനയ്‌ക്കെതിരെയുള്ള നേതാക്കളുടെ പ്രസ്താവനകളെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് സതീശന്‍ ക്ഷുഭിതനായി. ഇത്തരം ചോദ്യങ്ങള്‍ തന്നോട് വേണ്ടെന്നും ഇതിനൊന്നും താന്‍ മറുപടി പറയില്ലെന്നും മാത്രമായിരുന്നു സതീശന്റെ പ്രതികരണം.
പുന:സംഘടനയില്‍ അതൃപ്തി പരസ്യമാക്കി ഓരോനേതാക്കളും ദിവസേന രംഗത്തെത്തുകയാണ്. കെപിസിസിയുടെ വിശ്വാസ സംരക്ഷണജാഥയുടെ സമാപനത്തില്‍നിന്ന് ജാഥാ ക്യാപ്റ്റനായ കെ മുരളീധരന്‍ വിട്ടുനില്‍ക്കും. തന്റെ ശുപാര്‍ശ പാടേ തള്ളിയതാണ് മുരളീധരനെ പ്രകോപിപ്പിച്ചത്. ജനറല്‍ സെക്രട്ടറിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ചാണ്ടി ഉമ്മനും കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. കെപിസിസിയുടെ പരിപാടിതന്നെ ചാണ്ടി ഉമ്മന്‍ കഴിഞ്ഞ ദിവസം ബഹിഷ്‌കരിച്ചിരുന്നു. മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയും കടുത്ത പ്രതിഷേധത്തിലാണ്. വരുംദിവസങ്ങളില്‍ മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി പ്രതികരിച്ചേക്കും.