കുട്ടികളെ പഠിപ്പിക്കുന്നതിനിടെ ഇടിമിന്നലേറ്റ് അപകടം; പാലക്കാട് കുറ്റനാട് യുവതിക്ക് പരിക്ക്; കുട്ടികൾ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
By : സ്വന്തം ലേഖകൻ
Update: 2025-10-18 11:59 GMT
പാലക്കാട്: പാലക്കാട് കുറ്റനാട് ഇടിമിന്നലേറ്റതിനെ തുടർന്ന് യുവതിക്ക് പരിക്കേറ്റു. കൂറ്റനാട് അരി ഗോഡൗണിന് സമീപം താമസിക്കുന്ന മേനോത്ത് ഞാലിൽ അശ്വതിക്കാണ് മിന്നലേറ്റത്. കുട്ടികളെ പഠിപ്പിക്കുന്നതിനിടെ മുറിയിൽ നിന്ന് പുസ്തകം എടുക്കാൻ ശ്രമിക്കുമ്പോഴാണ് സംഭവം.
അതിശക്തമായ മിന്നലേറ്റതിനെ തുടർന്ന് അശ്വതിയുടെ കൈക്ക് പൊള്ളലേൽക്കുകയായിരുന്നു. സംഭവം നടന്നയുടൻ അൽപസമയം ചലനശേഷി നഷ്ടപ്പെട്ട ഇവരെ ഉടൻതന്നെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിലുണ്ടായിരുന്ന കുട്ടികൾ അടക്കമുള്ള കുടുംബാംഗങ്ങൾ അത്ഭുതകരമായി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. മിന്നലേറ്റത് വീടിന്റെ അകത്തായിരുന്നിട്ടും പരിക്ക് ഗുരുതരമല്ലാത്തത് ആശ്വാസമായി.