സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് ഇന്ന് തിരിതെളിയും; 12 വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ 20,000ത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും

സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് ഇന്ന് തിരിതെളിയും

Update: 2025-10-21 03:46 GMT

തിരുവനന്തപുരം: 67-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് ഇന്ന് തലസ്ഥാന നഗരിയില്‍ ദീപശിഖ തെളിയും. വൈകീട്ട് നാലിന് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കായിക മേള ഉദ്ഘാടനം ചെയ്യും. മുന്‍ ഇന്ത്യന്‍ ഫുട്ബാളര്‍ ഐ.എം. വിജയനും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും ചേര്‍ന്ന് ദീപശിഖ തെളിക്കും. തുടര്‍ന്ന് മൂവായിരത്തോളം കുട്ടികള്‍ പങ്കെടുക്കുന്ന സാംസ്‌കാരിക പരിപാടികളും ഓരോ ജില്ലയില്‍നിന്നും 300 പേര്‍ പങ്കെടുക്കുന്ന മാര്‍ച്ച് പാസ്റ്റും നടക്കും.

ബുധനാഴ്ച മുതലാണ് മത്സരങ്ങള്‍. 22 മുതല്‍ 28 വരെ 12 വേദികളിലായി നടക്കുന്ന കായിക പോരാട്ടങ്ങളില്‍ 20,000ത്തോളം വിദ്യാര്‍ഥികളാണ് പങ്കെടുക്കുക. ഗള്‍ഫിലെ ഏഴ് സ്‌കൂളുകളില്‍നിന്ന് 35 വിദ്യാര്‍ഥികളുമുണ്ട്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ ഏറനാട് എക്‌സ്പ്രസില്‍ എത്തിയ കാസര്‍കോട് സംഘത്തെ മന്ത്രി വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. എറണാകുളത്തുനിന്ന് ആരംഭിച്ച ദീപശിഖ പ്രയാണം ചൊവ്വാഴ്ച തലസ്ഥാനത്ത് എത്തും.

നഗരത്തിലെ സ്‌കൂളിലെ സ്വീകരണം ഏറ്റുവാങ്ങി പട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ട്രോഫി ഘോഷയാത്രക്കൊപ്പം ചേരും. തുടര്‍ന്ന് നൂറുകണക്കിന് കായിതതാരങ്ങളുടെ അകമ്പടിയോടെ സ്വര്‍ണക്കപ്പ് ഉദ്ഘാടന വേദിയായ യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തിലേക്ക് തിരിക്കും. പുത്തരിക്കണ്ടം മൈതാനിയില്‍ ഒരുക്കിയ ഭക്ഷണപ്പുരയുടെ പാലുകാച്ചല്‍ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പാചകം. 2500 പേര്‍ക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സൗകര്യമുള്ള ഭക്ഷണശാലയാണ് ഒരുക്കിയത്.

Tags:    

Similar News