'കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം; ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റും'; കേരളത്തെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം
ന്യൂഡല്‍ഹി: ദേശീയ വിദ്യാഭ്യാസ നയ(എന്‍ഇപി)ത്തിന്റെ ഭാഗമായുള്ള പിഎംശ്രീ പദ്ധതിയില്‍ പങ്കാളിയാകാന്‍ തീരുമാനിച്ച കേരളത്തെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. 'സംസ്ഥാനത്തുടനീളം പി എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ച കേരള സര്‍ക്കാരിന് അഭിനന്ദനങ്ങള്‍' എന്ന് കേന്ദ്ര വിഭ്യാസ മന്ത്രാലയം എക്സിലൂടെ അറിയിച്ചു.
ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിലൂടെ, കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് ഇതൊരു വലിയ മുന്നേറ്റമാണെന്നും മന്ത്രാലയം വ്യക്തമാക്കി. 'ദേശീയ വിദ്യാഭ്യാസ നയം (NEP) 2020ന് അനുസൃതമായി, ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍, സ്മാര്‍ട്ട് ക്ലാസ്സ്‌റൂമുകള്‍, അനുഭവങ്ങളിലൂടെയുള്ള പഠനം, നൈപുണ്യ വികസനത്തിന് ഊന്നല്‍ എന്നിവ നല്‍കി സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിലൂടെ, കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് ഇതൊരു വലിയ മുന്നേറ്റമാണ്.
നൂതനാശയങ്ങളെ പരിപോഷിപ്പിക്കുകയും വിദ്യാര്‍ത്ഥികളെ ശോഭനമായ ഭാവിക്കായി ഒരുക്കുകയും ചെയ്യുന്ന ഗുണമേന്മയുള്ളതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സമഗ്രവുമായ വിദ്യാഭ്യാസം നല്‍കാന്‍ നമ്മള്‍ ഒരുമിച്ച് പ്രതിജ്ഞാബദ്ധരാണെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കേരളത്തെ അഭിന്ദിച്ചുകൊണ്ടുള്ള കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
മന്ത്രിസഭയിലും എല്‍ഡിഎഫിലും സിപിഐ ഉയര്‍ത്തിയ കടുത്ത എതിര്‍പ്പ് വകവെക്കാതെ കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ പിഎം ശ്രീ സ്‌കൂള്‍ പദ്ധതിയില്‍ ഒപ്പുവെച്ചത്. പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകിയാണ് വ്യാഴാഴ്ച ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടത്. കരാര്‍ ഒപ്പിട്ടതോടെ സംസ്ഥാനത്തെ നൂറ്റമ്പതോളം സ്‌കൂളുകള്‍ പിഎം-ശ്രീയായി മാറും. ദേശീയവിദ്യാഭ്യാസ നയമനുസരിച്ചുള്ള പാഠ്യപദ്ധതി പിന്തുടരണമെന്നാണ് പിഎം-ശ്രീ മാര്‍ഗരേഖയിലെ വ്യവസ്ഥ.