എഞ്ചിന്‍ തകരാര്‍: തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി വഴിയില്‍ കുടുങ്ങി; താറുമാറായി ട്രെയിന്‍ ഗതാഗതം; പരശുറാം ഒന്നര മണിക്കൂര്‍ വൈകി ഓടുന്നു
തൃശൂര്‍: എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് വഴിയില്‍ കുടുങ്ങി. വടക്കാഞ്ചേരിക്കും മുള്ളൂര്‍ക്കരയ്ക്കും ഇടയിലായിരുന്നു ട്രെയിന്‍ പിടിച്ചിട്ടിരുന്നത്. മൂന്ന് മണിക്കൂറോളം ട്രെയിന്‍ വഴിയില്‍ കുടുങ്ങിയത് യാത്രക്കാരെ വലച്ചു.
തകരാര്‍ പരിഹരിച്ച് യാത്ര തുടര്‍ന്നെങ്കിലും ഏതാനും ട്രെയിനുകള്‍ വൈകിയോടുകയാണ്. ഷൊര്‍ണൂരില്‍നിന്ന് വേറെ എന്‍ജിന്‍ എത്തിച്ചാണ് ജനശതാബ്ദി യാത്ര തുടര്‍ന്നത്. ഈ ട്രെയിന്‍ കോഴിക്കോട് എത്താന്‍ വൈകിയതിനാല്‍ തിരികെ തിരുവനന്തപുരത്തേക്ക് ഉച്ചയ്ക്ക് 1.40ന് പുറപ്പെടേണ്ടിയിരുന്ന 12075 ജനശതാബ്ദി എക്‌സ്പ്രസും വൈകി. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള ജനശതാബ്ദി 35 മിനിറ്റ് വൈകിയോടുകയാണ്.
മംഗളൂരുവിലേക്കുള്ള 16650 പരശുറാം എക്‌സ്പ്രസ്സ് ഒന്നര മണിക്കൂര്‍ വൈകി ഓടുന്നു. 12617 മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് 36 മിനിറ്റും, 22659 തിരുവനന്തപുരം നോര്‍ത്ത് ഋഷികേശ് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് 42 മിനിറ്റും വൈകിയോടുകയാണ്.