'അയാള്‍ ശിവന്‍ കുട്ടിയല്ല, ലക്ഷണമൊത്ത സംഘിക്കുട്ടി; നേമത്ത് ബിജെപി എംഎല്‍എ തോറ്റെന്ന് ആരാണ് പറഞ്ഞത്? ശ്രീ.പി.എം എംഎല്‍എ സംഘിക്കുട്ടി'; വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
കൊച്ചി: കേരളത്തെ സാമ്പത്തികമായി ഞെരുക്കുവാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തെ മറികടക്കാനുള്ള തന്ത്രപരമായ തീരുമാനമാണ് പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ വിശദീകരണത്തിന് പിന്നാലെ പരിഹാസവുമായി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. 'പത്രസമ്മേളനം കണ്ടപ്പോള്‍ ഒരു കാര്യം മനസിലായി, അയാള്‍ ശിവന്‍ കുട്ടിയല്ല, ലക്ഷണമൊത്ത സംഘിക്കുട്ടിയാണ്...നേമത്ത് ബിജെപി എംഎല്‍എ തോറ്റെന്ന് ആരാണ് പറഞ്ഞത്? ശ്രീ.പി.എം എംഎല്‍എ സംഘിക്കുട്ടി.' രാഹുല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
അതേസമയം പിഎം ശ്രീ പദ്ധതിയില്‍ ചേരാന്‍ സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടതില്‍ വിവാദം പുകയുന്നതിനിടെ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തി. പിഎം ശ്രീയില്‍ കേരളം ഒപ്പിട്ടതില്‍ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും നമ്മുടെ കുട്ടികള്‍ക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് രൂപയുടെ ഫണ്ട് തടഞ്ഞുവെച്ചുള്ള കേന്ദ്ര ശ്രമത്തെ മറികടക്കാനുള്ള തന്ത്രപരമായ നീക്കം ആണിത്.
പിഎം ശ്രീയില്‍ ഒപ്പിടാത്തതിന്റെ പേരില്‍ സര്‍വ ശിക്ഷ ഫണ്ട് കേന്ദ്രം തടഞ്ഞുവെച്ചു. ഇതിലൂടെ 1158.13 കോടി കേരളത്തിന് നഷ്ടമായി. ഒപ്പിട്ടതിനാല്‍ 1476 കോടി ഇനി കേരളത്തിന് ലഭിക്കുമെന്നും 971 കോടി സര്‍വ ശിക്ഷ പദ്ധതി പ്രകാരം കിട്ടുമെന്നും മന്ത്രി പറഞ്ഞു.ഫണ്ട് തടഞ്ഞുവെച്ചത് സൗജന്യ യൂണിഫോം, അലവന്‍സുകള്‍ എന്നിവയെ ബാധിച്ചു. കുട്ടികളുടെ ഭാവി പന്താടി ഒരു സമ്മര്‍ദത്തിന് വഴങ്ങാന്‍ സര്‍ക്കാര്‍ തയ്യാറാല്ല.
ഇത് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും ഫണ്ട് അല്ലെന്നും നമുക്ക് അവകാശപ്പെട്ടതാണെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തില്‍ നടപ്പാക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ മാത്രമേ നടപ്പാക്കുകയുള്ളു.ദേശീയ വിദ്യാഭ്യാസ നയം അംഗീകരില്ലെന്ന പറഞ്ഞ നിലപാട് ലോക അവസാനം വരെ പാലിക്കാനാവില്ലെന്നും എന്‍ഇപിയില്‍ കേരളത്തില്‍ നടപ്പാക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ മാത്രമേ നടപ്പാക്കുവെന്നും ശിവന്‍കുട്ടി പറഞ്ഞു.
വളരെ പെട്ടെന്നാണ് ഒപ്പിടേണ്ടി വന്നത്. പെട്ടെന്ന് തീരുമാനം എടുക്കണം എന്ന് കേന്ദ്രം കത്തയച്ചു. തീരുമാനം എടുക്കാന്‍ സമയം കുറവായിരുന്നു. കേന്ദ്രം അഭിനന്ദിച്ചത് നല്ല കാര്യമാണ്. ചില കാര്യങ്ങളില്‍ എല്ലാം നമ്മള്‍ മാറി ചിന്തിക്കേണ്ടി വരുമെന്നും ശിവന്‍കുട്ടി പറഞ്ഞു.
