പത്തനംതിട്ട ജില്ലയിലെ ആദ്യ മില്‍ക് എ.ടി.എം അടൂര്‍ പതിനാലാംമൈലില്‍ പ്രവര്‍ത്തനം ആരംഭിച്ചു

പത്തനംതിട്ട ജില്ലയിലെ ആദ്യ മില്‍ക് എ.ടി.എം അടൂര്‍ പതിനാലാംമൈലില്‍ പ്രവര്‍ത്തനം ആരംഭിച്ചു

Update: 2025-10-24 12:52 GMT

അടൂര്‍: ആവശ്യക്കാര്‍ക്ക് ഏത് നിമിഷവും ഞൊടിയിടയില്‍ പാല്‍ ലഭിയ്ക്കുന്ന എ.ടി.എം ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മേലൂട് ക്ഷീരസംഘത്തിന്റെ ഉടമസ്ഥതയില്‍ പതിനാലാം മൈലിലാണ് ജില്ലയിലെ ആദ്യ മില്‍ക്ക് എ.ടി.എം പ്രവര്‍ത്തനം ആരംഭിച്ചത്. മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. പി മണിയമ്മ ആദ്യ വില്‍പന നിര്‍വഹിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു.

ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ്, ജോയിന്റ് ഡയറക്ടര്‍ ഷീബാഖമര്‍, ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ വി.പി ഉണ്ണികൃഷ്ണന്‍, മേലുട് ക്ഷീരസംഘം പ്രസിഡന്റ് എ.പി.ജയന്‍, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. അനിത, പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇരുനൂറ് ലിറ്റര്‍ പാല്‍ വരെ കേടുകൂടാതെ സംഭരിയ്ക്കാവുന്ന ശീതീകരണിയടക്കമുള്ള സംവിധാനത്തില്‍ ആവശ്യക്കാര്‍ക്ക് ഏത് സമയവും പാല്‍ ലഭ്യമാകും. 10, 20, 50, 100, 200 എന്നീ നോട്ടുകള്‍ ഇട്ടോ ഗൂഗിള്‍ പേ വഴിയോ സംഘം നല്‍കുന്ന പ്രത്യേക കാര്‍ഡ് ഉപയോഗിച്ചോ ശുദ്ധമായ പാല്‍ ഈ വെന്‍ഡിംഗ് മെഷീനിലൂടെ ലഭിക്കുന്നതാണ്. പാലിന്റെ അളവ് കുറയുന്ന മുറയ്ക്ക് വീണ്ടും നിറയ്ക്കുന്ന സംവിധാനത്തില്‍ കര്‍ഷകര്‍ എത്തിയ്ക്കുന്ന പാല്‍ ഗുണനിലവാരം ഉറപ്പാക്കി ദിവസവും രണ്ടു നേരം നിറച്ച് ഉപയോഗിക്കുന്നതിനാണ് ആദ്യഘട്ട ആലോചന.

ക്ഷീരോത്പാദന വിതരണ രംഗത്ത് നവീനാശയങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള ഭരണസമിതിയുടെ ഇച്ഛാശക്തിയാണ് പ്രവര്‍ത്തനം ആരംഭിച്ചിട്ട് കേവലം 5 വര്‍ഷം മാത്രമായ സംഘത്തിനെ ഇത്തരമൊരു സംരംഭം തുടങ്ങുന്നതിന് പ്രേരിപ്പിച്ചത്. വെന്‍ഡിംഗ് മെഷീന്റെ പ്രവര്‍ത്തനം ഡല്‍ഹിയിലെത്തി നേരിട്ട് കണ്ട് മനസിലാക്കി സംഘത്തില്‍ നടപ്പിലാക്കാന്‍ സംഘം പ്രസിഡന്റ് എ പി ജയന്‍ മുന്നിട്ടിറങ്ങി. പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ സഹായം കൂടി ലഭ്യമായതോടെ പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായ പദ്ധതി നടപ്പിലാവുകയായിരുന്നു.

Tags:    

Similar News