'പിഎംശ്രീ പിന്‍വലിക്കണം'; എതിര്‍പ്പ് കടുപ്പിക്കാന്‍ പ്രതിപക്ഷ സംഘടനകള്‍; സംസ്ഥാനത്ത് ബുധനാഴ്ച്ച യുഡിഎസ്എഫിന്റെ വിദ്യാഭ്യാസ ബന്ദ്

Update: 2025-10-27 15:56 GMT

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് എതിര്‍പ്പ് കടുപ്പിച്ച് വിദ്യാര്‍ത്ഥി സംഘടനകള്‍. യുഡിഎസ്എഫ് സംസ്ഥാനത്ത് ബുധനാഴ്ച്ച സമ്പൂര്‍ണ്ണ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. അന്നേദിവസം വിദ്യാര്‍ഥി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യുഡിഎഫ് നേതാക്കള്‍ അറിയിച്ചു. സര്‍ക്കാള്‍ പദ്ധതിയില്‍ ഒപ്പിട്ടതിന് വലിയ രീതിയിലുള്ള വിമര്‍ശനമാണ് ഉയരുന്നത്. സിപിഐയും വിഷയത്തില്‍ ഇടഞ്ഞു നില്‍ക്കുകയാണ്.

പിഎംശ്രീ പദ്ധതിയില്‍ കേരള സര്‍ക്കാര്‍ പങ്കാളികളായതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ ഓഫീസിലേക്ക് കെഎസ്യു മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. മാര്‍ച്ച് സംഘര്‍ഷഭരിതമായതിന് പിന്നാലെ പോലീസ് ജലപീരങ്കി പലവട്ടം പ്രയോഗിക്കുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ ചര്‍ച്ചയ്ക്കുശേഷവും അനുനയമായില്ല. സിപിഐ മന്ത്രിമാര്‍ മറ്റന്നാള്‍ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും അനുനയം തള്ളികൊണ്ടാണ് സിപിഐ കടുത്ത തീരുമാനവുമായി മുന്നോട്ടുപോകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനവുമായി ആലപ്പുഴയില്‍ നടന്ന ചര്‍ച്ചയ്ക്കുശേഷം ബിനോയ് വിശ്വം സിപിഐ മന്ത്രിമാരും സംസ്ഥാന നേതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് മന്ത്രിസഭാ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള നിര്‍ണായക രാഷ്ട്രീയ തീരുമാനം സിപിഐ സംസ്ഥാന നേതൃത്വം എടുത്തത്.

പിഎം ശ്രീയില്‍ സമവായ നിര്‍ദേശം നിലവില്‍ അംഗീകരിക്കേണ്ടെന്നാണ് സിപിഐ നിലപാട്. മറ്റന്നാള്‍ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാരെ വിട്ടുനിര്‍ത്തിക്കൊണ്ട് പ്രതിഷേധം അറിയിക്കും. ഇതിനുശേഷം നവംബര്‍ നാലിന് ചേരുന്ന സിപിഐ യോഗത്തില്‍ തുടര്‍ നടപടി ചര്‍ച്ച ചെയ്യും. അതേസമയം, ബിനോയ് വിശ്വവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പുറത്തേക്ക് വന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. സിപിഐയുടെ തീരുമാനം തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം അടുത്തിരിക്കെ സിപിഎമ്മിനും സര്‍ക്കാരിനും രാഷ്ട്രീയമായി തിരിച്ചടിയാണ്.

Similar News