ബ്ലാക്കില്‍ മദ്യ വില്‍പ്പന; പുലര്‍ച്ചെ എത്തിയാലും മദ്യം കിട്ടും; കുറഞ്ഞ വിലയുള്ള മദ്യത്തിനും പൊള്ളുന്ന വില; കൊടുമണ്‍ ബിവ്റേജസ് ഔട്ട്ലെറ്റില്‍ വ്യാപക ക്രമക്കേടുകള്‍

Update: 2025-10-27 16:24 GMT

പത്തനംതിട്ട: സംസ്ഥാനത്തെ വിവിധ ബിവ്റേജസ് ഔട്ട്ലെറ്റുകളിലും വെയര്‍ഹൗസുകളിലും വിജിലന്‍സ് നടത്തിയ പരിശോധനകളില്‍ വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിയത്. ഇതില്‍ പത്തനംതിട്ട കൊടുമണ്‍ ബിവ്റേജസ് ഔട്ട്ലെറ്റില്‍ നടന്ന ക്രമക്കേടുകള്‍ വിജിലന്‍സ് സംഘത്തെ പോലും ഞെട്ടിക്കുന്നതാണ്. രാത്രി ഏറെ വൈകിയും പുലര്‍ച്ചെയും ഇവിടെ നിന്ന് ബ്ലാക്കില്‍ മദ്യ വില്‍പ്പന നടന്നിരുന്നുവെന്നാണ് കണ്ടെത്തല്‍.

ഇവിടെ കുറഞ്ഞ വിലയുള്ള മദ്യം വില കൂട്ടി വില്‍ക്കുന്നത് ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. അനധികൃതമായി ശേഖരിച്ച പണവും ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.കൊടുമണ്‍ ബിവ്റേജില്‍ പ്രവര്‍ത്തന സമയം കഴിഞ്ഞും രാവിലെ തുറക്കുന്നതിന് മുമ്പും ഇവിടെ മദ്യവില്‍പ്പന നടന്നിരുന്നുവെന്നാണ് വിജിലന്‍സ് സംഘം കണ്ടെത്തിയത്. ബില്ല് നല്‍കാതെയാണ് ഈ അമിത വില ഈടാക്കിയുള്ള വില്‍പ്പന നടന്നിരുന്നത്.

അതുപോലെ തന്നെ ബാക്കി തുകയും നല്‍കിയിരുന്നില്ല. ബിവ്റേജസ് ഔട്ട്ലെറ്റ് അടയ്ക്കുന്നതിന് തൊട്ട് മുമ്പ് എത്തുന്നവര്‍ക്ക് കൂടുതല്‍ പണം നല്‍കിയാലെ മദ്യം ലഭിക്കുകയുള്ളൂ. കയ്യില്‍ പണം അധികം നല്‍കാനുണ്ടെങ്കില്‍ പ്രവര്‍ത്തനമില്ലാത്ത സമയത്തും ഇവിടെ നിന്ന് മദ്യം ലഭിക്കും എന്നതാണ് സ്ഥിതി.

പ്രവര്‍ത്തന സമയത്ത് എത്തുന്ന ഉപഭോക്താക്കളോടുള്ള ജീവനക്കാരുടെ പെരുമാറ്റം സംബന്ധിച്ചും പരാതികളുണ്ട്. ജീവനക്കാര്‍ പലപ്പോഴും മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്യുന്നത് പതിവായിരുന്നു. അവധി ദിവസങ്ങളില്‍ മദ്യവില്‍പ്പന നടത്തുന്നവര്‍ക്കാണ് കൂടിയ വിലയ്ക്ക് ഇവര്‍ മദ്യം നല്‍കിയിരുന്നതെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. പുലര്‍ച്ചെ എത്തിയാണ് ഉള്‍പ്രദേശങ്ങളില്‍ ഉള്ളവര്‍ വില കൂടുതല്‍ നല്‍കി മദ്യം വാങ്ങിയിരുന്നതെന്നാണ് ആരോപണം.

Similar News