ഫിസിക്കല്‍ ടെസ്റ്റിനായുള്ള ഓട്ടപരിശീലനത്തിനിടെ യുവതി കുഴഞ്ഞ് വീണു മരിച്ചു;22 കാരിയുടെ മരണം കൂട്ടുകാരികള്‍ക്കൊപ്പം സ്‌കൂള്‍ ഗ്രൗണ്ടില്‍ പരിശീലനം നടത്തുന്നതിനിടെ : മരണകാരണം ഹൃദയാഘാതമെന്ന് റിപ്പോര്‍ട്ട്
ഓട്ടപരിശീലനത്തിനിടെ യുവതി കുഴഞ്ഞ് വീണു മരിച്ചു
തൃശൂര്‍: പൊലീസ് കോണ്‍സ്റ്റബിള്‍ പിഎസ്സി പരീക്ഷ കഴിഞ്ഞ് ഫിസിക്കല്‍ ടെസ്റ്റിനായുള്ള ഓട്ടപരിശീലനത്തിനിടെ യുവതി കുഴഞ്ഞ് വീണു മരിച്ചു. മുറ്റിച്ചൂര്‍ റോഡ് കുരുട്ടിപ്പറമ്പില്‍ സുരേഷിന്റെയും കവിതയുടെയും മകള്‍ ആദിത്യ (22) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍.
ഇന്നലെ രാവിലെ 7.15ന് തളിക്കുളം ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ കൂട്ടികാരികളോടൊപ്പം പരിശീലനം നടത്തുന്നതിനിടെയാണ് യുവതി കുഴഞ്ഞുവീണത്. ഉടന്‍ തന്നെ വലപ്പാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തളിക്കുളത്തെ ഓട്ടോ ഡ്രൈവറായ പിതാവ് സുരേഷാണ് ഓട്ടോയില്‍ ആദിത്യയെ ഗ്രൗണ്ടില്‍ വിട്ടത്. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന്.
ആദിത്യയുടെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. യുവതിക്ക് ഹൃദയ വാല്‍വിനുണ്ടായിരുന്ന തകരാറാണ് പെട്ടെന്നുള്ള മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫൊറന്‍സിക് വിഭാഗം മേധാവി പൊലീസിന് കൈമാറിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. നാട്ടിക എസ്എന്‍ കോളജിലെ ബിഎസ്സി (മാത്സ്) ബിരുദധാരിയാണ്. സഹോദരി: അപര്‍ണ.
പൊലീസില്‍ ജോലി ലഭിക്കുന്നതിന് കായികക്ഷമത പരിശോധനയ്ക്കു വിധേയരാകുന്നതിനു മുന്‍പ് ഉദ്യോഗാര്‍ഥികള്‍ക്ക് മെഡിക്കല്‍ പരിശോധന കൂടി ബാധകമാക്കുന്നത് ഇത്തരത്തിലുള്ള മരണം ഒഴിവാക്കാന്‍ സഹായിക്കുമെന്ന് ഡോ. ടി.എസ്.ഹിതേഷ് ശങ്കര്‍ അഭിപ്രായപ്പെട്ടു.