സംസ്ഥാന സ്‌കൂള്‍ അത്ലറ്റിക്‌സിലെ പഴക്കമേറിയ റെക്കോഡ് തകര്‍ത്ത ദേവപ്രിയയ്ക്ക് ജന്മനാടിന്റെ ആദരം; വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യത്തിലേക്ക്
ചെറുതോണി: സംസ്ഥാന സ്‌കൂള്‍ അത്ലറ്റിക്‌സിലെ പഴക്കമേറിയ റെക്കോഡ് തകര്‍ത്ത ദേവപ്രിയയ്ക്ക് ജന്മനാടിന്റെ ആദരം. മീറ്റ് റെക്കോഡ് നേടിയ ദേവ പ്രിയയെ ആദരിക്കാന്‍ സിപിഎം ഇടുക്കി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച യോഗം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. സ്വന്തമായി ഒരു വീടെന്നത് ദേവപ്രിയയുടെ ഏറെ നാളായുള്ള സ്വപ്നമായിരുന്നു. വേ?ഗറാണിയ്ക്ക് സിപിഐ എം നിര്‍മിച്ച് നല്‍കുന്ന വീടിന്റെ തറക്കല്ലിട്ടു.
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ മത്സരത്തില്‍ 12.69 സെക്കന്‍ഡില്‍ ലക്ഷ്യത്തിലെത്തിയാണ് കാല്‍വരിമൗണ്ട് സ്‌കൂളിന്റെ ഈ മിന്നും താരം പൊന്നണിഞ്ഞത്. ഈ വര്‍ഷം മീറ്റ് റെക്കോഡ് തകര്‍ത്താല്‍ വീടെന്ന സ്വപ്നം പൂവണിയുമെന്ന് സ്‌കൂളിലെ പരിശീലകന്‍ ടിബിന്‍ ജോസഫ് പ്രതീക്ഷ നല്‍കുകയുംചെയ്തു. 1987ല്‍ ബിന്ദു മാത്യു കുറിച്ച റെക്കോഡാണ് ദേവപ്രിയ തകര്‍ത്തെറിഞ്ഞത്.
സ്വന്തമായി ഒരു വീട് ഇല്ലാത്തതിന്റെ ദുഃഖത്തിലായിരുന്നു ദേവപ്രിയ ട്രാക്കിലിറങ്ങിയത്. രാവിലെ 10ന് ദേവപ്രിയയ്ക്ക് കാല്‍വരിമൗണ്ട് സ്‌കൂളില്‍ ഗംഭീര വരവേല്‍പ്പ് നല്‍കി. സ്‌കൂളിലെ സ്വീകരണത്തിനുശേഷം 10.30ന് നടന്ന ചടങ്ങില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഓണ്‍ലൈനായി തറക്കല്ലിടീല്‍ നിര്‍വഹിച്ചു.