9 വര്‍ഷമായി സിപിഎം നടത്തിയ പിആര്‍ വര്‍ക്കിന്റെ തുടര്‍ച്ചയാണ് അതിദാരിദ്ര്യമുക്ത പ്രഖ്യാപനം; തിരഞ്ഞെടുപ്പിന് തൊട്ടടുത്ത് എത്തിയപ്പോള്‍ പതിവുപോലെ നുണ പറഞ്ഞ് പറ്റിക്കാനുള്ള ശ്രമമാണ് പിണറായി വിജയന്‍ നടത്തുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍

9 വര്‍ഷമായി സിപിഎം നടത്തിയ പിആര്‍ വര്‍ക്കിന്റെ തുടര്‍ച്ചയാണ് അതിദാരിദ്ര്യമുക്ത പ്രഖ്യാപനം

Update: 2025-11-01 16:58 GMT

തിരുവനന്തപുരം: കഴിഞ്ഞ 9 വര്‍ഷമായി സിപിഎം നടത്തിയ പിആര്‍ വര്‍ക്കിന്റെ തുടര്‍ച്ചയാണ് അതിദാരിദ്ര്യമുക്ത പ്രഖ്യാപനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ക്ക് യാതൊരു വിധ ആധികാരികതയും ഇല്ല. സ്വയം സൃഷ്ടിക്കുന്ന മായാപ്രപഞ്ചത്തില്‍ കഴിയാന്‍ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി കേരളത്തിലെ അതിദരിദ്രരെ വഴിയില്‍ ഉപേക്ഷിക്കുകയാണ്. കേരളത്തില്‍ അതിദരിദ്രര്‍ ഇല്ലാതായെന്ന് പ്രഖ്യാപിക്കാന്‍ വേണ്ടി തദ്ദേശസ്വയംഭരണ വകുപ്പ് തയ്യാറാക്കിയ കണക്കുകളില്‍ വലിയ പൊരുത്തക്കേടുണ്ട്. പാവങ്ങളെ പറഞ്ഞു പറ്റിച്ച് കോടികളുടെ ധൂര്‍ത്താണ് പിണറായി വിജയന്‍ കാട്ടുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

2021ലെ സിപിഎമ്മിന്റെ പ്രകടനപത്രികയില്‍ പറയുന്നത് തന്നെ നാലര ലക്ഷത്തിലധികം അതിദരിദ്രര്‍ കേരളത്തില്‍ ഉണ്ട് എന്നാണ്. ഒരു മാസം മുന്‍പ് നിയമസഭയില്‍ മന്ത്രി പറഞ്ഞതും 6 ലക്ഷത്തോളം ആളുകള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതാണ്. എന്നാല്‍ സര്‍ക്കാര്‍ ആദ്യം തയ്യാറാക്കിയ പട്ടികയില്‍ ഒന്നര ലക്ഷം പേര്‍ മാത്രമാണ് ഉണ്ടായത്, പിന്നീട് 64,000 ആയി ചുരുക്കിയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രഖ്യാപനത്തിനുവേണ്ടി മാത്രം സര്‍ക്കാര്‍ ചിലവാക്കുന്നത് ഒന്നര കോടി രൂപയാണ്. സര്‍ക്കാര്‍ ചെലവില്‍ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്. വേള്‍ഡ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരം ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ കേരളം ഇന്ത്യയില്‍ ഏറ്റവും പിറകിലുള്ള സംസ്ഥാനമാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ കേരളത്തിന്റെ ഇരട്ടി ജനസംഖ്യയില്‍ അധികമാണ് ഉത്തര്‍പ്രദേശില്‍ അതിദാരിദ്ര്യമുക്തമായത്; ആറു കോടി പേരെയാണ് യു.പി. അതിദാരിദ്ര്യമുക്തമാക്കിയത്. സമാനമായ രീതിയില്‍ ബീഹാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ അതിവേഗം ഈ നേട്ടം കൈവരിക്കുമ്പോള്‍ ഇതേ കാലയളവില്‍ കേരളം 2.7 ലക്ഷം ആളുകളെ മാത്രമാണ് അതിദാരിദ്ര്യമുക്തമാക്കിയത്. കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതില്‍ കേന്ദ്ര പദ്ധതികള്‍ വഹിച്ച പങ്ക് മറച്ചു വെച്ചാണ് ഇപ്പോഴത്തെ പ്രചാരണം എന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയും, ദേശീയ തൊഴില്‍ ഉറപ്പ് പദ്ധതിയും, കിസാന്‍ സമ്മാന നിധിയും, പി.എം.എ.വൈ. ഭവന പദ്ധതിയും, ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് അടക്കമുള്ള പദ്ധതികളാണ് കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരത്തിന് അല്പമെങ്കിലും ഉയര്‍ച്ച നല്‍കിയത്. കഴിഞ്ഞ ഒമ്പതര വര്‍ഷം ഒന്നും ചെയ്യാതിരുന്ന പിണറായി വിജയന്‍ തെരഞ്ഞെടുപ്പിന് തൊട്ടടുത്ത് എത്തിയപ്പോള്‍ പതിവുപോലെ നുണ പറഞ്ഞ് പറ്റിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു

Tags:    

Similar News