നിര്‍ത്തിയിട്ടിരുന്ന കാറില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം അഴുകി തുടങ്ങിയ നിലയില്‍: മരണകാരണം ഹൃദയാഘാതമെന്ന് നിഗമനം

നിര്‍ത്തിയിട്ടിരുന്ന കാറില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി

Update: 2025-11-05 04:02 GMT

തിരുവനന്തപുരം: പേട്ട എസ്ബിഐ ബാങ്കിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാറില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. എസ്എന്‍ നഗര്‍ അശ്വതി ഭവനില്‍ അജയ്കുമാറിനെ(74) മരിച്ചനിലയില്‍ കണ്ടെത്തി. മൃതദേഹം അഴുകിത്തുടങ്ങിയ നിലയിലാണ്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോലീസ് നിഗമനം. ചൊവ്വാഴ്ച രാവിലെ ഒന്‍പതരയോടെ തൊട്ടടുത്തുള്ള ഫ്‌ളാറ്റിന്റെ കെയര്‍ടേക്കറാണ് കാറില്‍ അനക്കമില്ലാത്ത നിലയില്‍ ഒരാള്‍ ഇരിക്കുന്നത് കണ്ടത്.

ഉടന്‍ തന്നെ ഇയള്‍ വിവരം പേട്ട പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. പോലീസെത്തി പരിശോധിച്ചപ്പോഴാണ് ഡ്രൈവര്‍ സീറ്റില്‍ സീറ്റ് ബെല്‍റ്റിട്ടിരിക്കുന്ന നിലയില്‍ അജയ്കുമാറിനെ കണ്ടെത്തിയത്. കാറിന്റെ ഡോര്‍ ലോക്കായിരുന്നില്ല. താക്കോല്‍ ഓണായിരുന്നു. ബാങ്കിനു മുന്നില്‍ നിര്‍ത്തയിട്ട നിലയിലായിരുന്നു കാര്‍.

ഇദ്ദേഹം തിങ്കളാഴ്ച രാവിലെ എസ്ബിഐ ബാങ്കില്‍ ഇടപാടിനായി എത്തിയിരുന്നതായി പിന്നീട് സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമായി. പുറത്തിറങ്ങി തിരികെ കാറില്‍ കയറി ഡോര്‍ അടയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇദ്ദേഹത്തിനു മുന്‍പ് ഹൃദയാഘാതം ഉണ്ടായിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. അച്ഛന്‍ തിങ്കളാഴ്ച രാവിലെ വീട്ടില്‍നിന്നു പോയതാണെന്ന് മകന്‍ ആകാശ് പോലീസിനോടു പറഞ്ഞു.

തിങ്കളാഴ്ച രാത്രിയായിട്ടും വീട്ടിലെത്താത്തതിനെത്തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നുവെന്നും മകന്‍ പറഞ്ഞു. പരേതയായ ലേഖയാണ് ഭാര്യ. മക്കളായ ആകാശിനും അശ്വതിക്കുമൊപ്പമാണ് താമസം. സംസ്‌കാരം ബുധനാഴ്ച 10-ന് മുട്ടത്തറ മോക്ഷകവാടത്തില്‍.

Tags:    

Similar News