മദ്യപിച്ച് കെ.എസ്.ആര്‍.ടി.സി ബസില്‍ മോശമായി പെരുമാറിയാല്‍ പണികിട്ടും; അത്തരക്കാരെ പൊലീസ് സ്റ്റേഷനില്‍ എത്തിക്കാന്‍ കണ്ടക്ടര്‍ക്ക് നിര്‍ദേശം നല്‍കി മന്ത്രി ഗണേഷ് കുമാര്‍

Update: 2025-11-05 15:26 GMT

പത്തനാപുരം: മദ്യപിച്ച് കെ.എസ്.ആര്‍.ടി.സി ബസില്‍ കയറി യാത്രക്കാരോട് മോശമായി പെരുമാറിയില്‍ ഇനി മുതല്‍ പിടിവീഴും. അത്തരക്കാരെ അടുത്ത പൊലീസ് സ്റ്റേഷനില്‍ എത്തിക്കാന്‍ കണ്ടക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു. പുകവലി ചോദ്യ ചെയ്തതിന്റെ പേരില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്നും തള്ളിയിട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പത്തനാപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മദ്യപിച്ചതിന്റെ പേരില്‍ അവരെ ബസില്‍ കയറ്റാതിരിക്കാന്‍ കഴിയില്ല. മദ്യപിച്ച് സഹയാത്രക്കാരോടോ സ്ത്രീകളോടോ മോശമായി പെരുമാറിയാല്‍, അവര്‍ക്കത് കണ്ടക്ടറോട് റിപ്പോര്‍ട്ട് ചെയ്യാം. അവരെ അടുത്ത പൊലീസ് സ്റ്റേഷനില്‍ എത്തിക്കാന്‍ കണ്ടക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു.

പുകവലിച്ചു കൊണ്ട് അടുത്തെത്തിയയാളോട് മാറി നിന്നില്ലെങ്കില്‍ പരാതിപ്പെടുമെന്ന് പറഞ്ഞതിന് വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ ചവിട്ടി വീഴ്ത്തിയത് രണ്ട് ദിവസം മുന്‍പായിരുന്നു. കെ.എസ്.ആര്‍.ടി.സി ബസിലും സമാനസംഭവങ്ങള്‍ നടന്നു വരുന്നുണ്ട്.

സ്ത്രീകള്‍ക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകളില്‍ പുരുഷന്മാര്‍ ഇടംപിടിക്കുന്നതും സ്ഥിരമാണ്. രണ്ടു മാസം മുന്‍പാണ് കൊല്ലത്ത് സഹയാത്രികയോട് ഒരാള്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചതും പിന്നീട് അറസ്റ്റിലായതും. മന്ത്രിയുടെ പുതിയ നിര്‍ദേശം എത്ര മാത്രം ഫലവത്താകുമെന്ന് കണ്ടറിയേണ്ടി വരും.

Similar News