നെല്ല് സംഭരണ പ്രതിസന്ധിയില്‍ പ്രതിഷേധം ശക്തം; ശനിയാഴ്ച മന്ത്രിതല യോഗം

Update: 2025-11-05 15:45 GMT

പാലക്കാട്: നെല്ല് സംഭരണ പ്രതിസന്ധിയില്‍ കര്‍ഷകരുടെ പ്രതിഷേധം ഉയരുന്നതിനിടെ ശനിയാഴ്ച മന്ത്രിതല യോഗം. യോഗത്തിനുശേഷം സംസ്ഥാന വ്യാപകമായി നെല്ല് സംഭരണത്തില്‍ അന്തിമ തീരുമാനമുണ്ടാകും. സഹകരണ സ്ഥാപനങ്ങള്‍ വഴി നെല്ല് എടുക്കാനാണ് ആലോചന.

കൊയ്തെടുത്ത നെല്ല് എവിടെ വില്‍ക്കുമെന്ന് അറിയാതെ നട്ടംതിരിയുകയാണ് കര്‍ഷകര്‍. ഗതികെട്ട് തെരുവില്‍ പ്രതിഷേധവുമായി നെല്‍കര്‍ഷകര്‍ രംഗത്തെത്തിയതോടെയാണ് ശനിയാഴ്ച മന്ത്രിതല യോഗം. നെല്ല് സംഭരണത്തില്‍ സഹകരണ വകുപ്പിനെ കൂടി ഉള്‍പ്പെടുത്തി മുന്നോട്ടു പോകാനുള്ള തീരുമാനത്തിലാണ് സപ്ലൈകോ. കര്‍ഷകരില്‍ നിന്ന് സഹകരണ സ്ഥാപനങ്ങള്‍ നെല്ല് സംഭരിച്ച് അരിയാക്കിയാല്‍ സപ്ലൈകോ വാങ്ങും. ഇതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച പാലക്കാട് മന്ത്രിമാര്‍ യോഗം ചേരും.

ജില്ലയിലെ മന്ത്രിമാരായ എം ബി രാജേഷ്, കെ കൃഷ്ണന്‍കുട്ടി, മന്ത്രിമാരായ വി എന്‍ വാസവന്‍, ജി ആര്‍ അനില്‍ എന്നിവര്‍ പങ്കെടുക്കും. ഇതിനുശേഷമായിരിക്കും സംസ്ഥാനത്തെ നെല്ല് സംഭരണം സംബന്ധിച്ച കാര്യത്തില്‍ അന്തിമ തീരുമാനം. നിലവില്‍ ഇതുവരെ വിവിധ ജില്ലകളില്‍ നിന്നായി 120 ലോഡ് നെല്ല് സംഭരിച്ചു. രണ്ട് മില്ല് ഉടമകള്‍ കൂടി സംഭരണത്തിന് സന്നദ്ധത അറിയിച്ച് രംഗത്ത് വന്നതായി ഭക്ഷ്യവകുപ്പ് അറിയിച്ചു. കര്‍ഷകരെ അണിനിരത്തി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കുഴല്‍മന്ദം പഞ്ചായത്തില്‍ പദയാത്ര സംഘടിപ്പിച്ചു. നാഷണല്‍ ജനതാദള്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലും ദേശീയപാത ഉപരോധിച്ച് പ്രതിഷേധം നടത്തി.

Similar News