ആശുപത്രിയിലെ മോര്‍ച്ചറിക്കരികിലിരുന്ന ബൈക്കുമായി കടന്നു കളഞ്ഞു; കുട്ടി സംഘത്തിലെ പതിനാലുകാരന്‍ അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍: പതിനാലും പതിനാറും വയസ്സുള്ള കുട്ടികള്‍ കസ്റ്റഡിയില്‍
ബൈക്ക് അടിച്ചുമാറ്റി പാഞ്ഞു; 14-കാരന്‍ അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍
പത്തനംതിട്ട: ബൈക്ക് മോഷ്ടിച്ചു കടന്നു കളഞ്ഞ കുട്ടി സംഘത്തിലെ പ്രധാനി അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍. ആശുപത്രിയിലെ മോര്‍ച്ചറിക്കരികിലിരുന്ന ബൈക്ക് അടിച്ചുമാറ്റി പാഞ്ഞ കുട്ടിസംഘത്തിലെ പതിനാലുകാരനെയാണ് ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരാണ് സംഘത്തിലുണ്ടായിരുന്നത്. പതിനാലും പതിനാറും വയസ്സുള്ള മൂന്ന് കുട്ടികളാണ് മോഷണത്തിന് ഇറങ്ങിയത്.
മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടക്കവെ ബൈക്ക് റബ്ബര്‍ത്തോട്ടത്തിലേക്ക് മറിഞ്ഞാണ് അപകടം. ഇതില്‍ ബൈക്ക് ഓടിച്ചിരുന്ന പതിനാലുകാരനാണ് ഗുരുതരാവസ്ഥയിലുള്ളത്. മറ്റ് രണ്ടുപേരും പരിക്കുകള്‍ ഒന്നുമില്ലാതെ രക്ഷപ്പെട്ടു. ഇവര്‍ രണ്ട് പേരെയും പത്തനംതിട്ട പോലീസ് കസ്റ്റഡിയിലെടുത്ത് ശിശുക്ഷേമസമിതിക്ക് മുന്നില്‍ ഹാജരാക്കി.
പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ മന്ദിരംപടി ജങ്ഷനിലാണ് അപകടമുണ്ടായത്. ബ്ലോക്കുപടിയില്‍നിന്ന് പത്തനംതിട്ട ഭാഗത്തേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്. ബൈക്ക് കെട്ടിടത്തിലിടിച്ച് റബ്ബര്‍ത്തോട്ടത്തിലേക്ക് മറിയുക ആയിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിക്ക് സമീപത്തുനിന്നാണ് ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം കൗമാരക്കാര്‍ ബൈക്ക് മോഷ്ടിച്ചത്. ഇതില്‍ സഞ്ചരിക്കവേ രാത്രി 11-മണിയോടെയായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ റാന്നി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിടിയിലായ രണ്ടുപേര്‍ക്ക് പതിനാലും പതിനാറും വയസ്സാണ്. പതിനാലുകാരന്‍ മുന്‍പും ബൈക്ക് മോഷണക്കേസുകളില്‍ ഉള്‍പ്പെട്ട ആളാണെന്ന് പോലീസ് പറഞ്ഞു.