ലക്ഷങ്ങളുടെ വിസാ തട്ടിപ്പ് കേസ്; ഒളിവില്‍ പോയ തൃശൂര്‍ സ്വദേശി പിടിയില്‍
ലക്ഷങ്ങളുടെ വിസാ തട്ടിപ്പ് കേസ്; തൃശൂര്‍ സ്വദേശി പിടിയില്‍
കാളികാവ്: ലക്ഷങ്ങളുടെ വിസ തട്ടിപ്പുകേസില്‍ ഒളിവിലായിരുന്ന തൃശ്ശൂര്‍ പൂങ്കുന്നം സ്വദേശി ഹരി ശ്രീധര്‍ (ഹരിലാല്‍-56) അറസ്റ്റിലായി. മൂവാറ്റുപുഴയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ കാളികാവ് പോലീസ് ഇന്‍സ്‌പെക്ടര്‍ കെ. അനുദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റുചെയ്തത്. ദുബായിലേക്ക് ഗ്രൂപ്പ് തൊഴില്‍ വിസ ഉണ്ടെന്നു വിശ്വസിപ്പിച്ച് കാളികാവ് മേഖലയിലെ ഏതാനും യുവാക്കളെ തട്ടിപ്പിനിരയാക്കിയെന്നാണ് കേസ്. വിസയ്ക്കായി സമീപിച്ച ആരെയും നേരില്‍ക്കാണാന്‍ സമ്മതിക്കാതെ തിരക്കഭിനയിച്ച് വീഡിയോ കോള്‍ വഴിയും മറ്റുമാണ് ഇടപാട് നടത്തിയത്.
വിസ സ്റ്റാമ്പിങ്ങിനായി 300 രൂപയും ടിക്കറ്റിന് 30,000 രൂപ വീതവും അക്കൗണ്ട് വഴി വാങ്ങി. ടിക്കറ്റിനു നല്‍കിയ തുക ദുബായിലെത്തിയാല്‍ തിരിച്ചുതരുമെന്നും വിശ്വസിപ്പിച്ചു. തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെയും ഒട്ടേറെ യുവാക്കള്‍ക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഓരോ സ്ഥലങ്ങളിലും വാട്‌സാപ്പ് ഗ്രൂപ്പുകളുണ്ടാക്കിയായിരുന്നു തട്ടിപ്പ്.
നിരവധി പേരില്‍ നിന്നും പണം തട്ടിയെടുതത ശേഷം പ്രതി ഒളിവില്‍പ്പോയി. വിസയ്ക്കായി വാങ്ങിയ പണം ധൂര്‍ത്തടിച്ചു ജീവിച്ചു. മൂവാറ്റുപുഴയില്‍ മുറിയെടുത്ത് പുതിയ തട്ടിപ്പിന് കളമൊരുക്കുന്നതിനിടെയാണ് ഹരിലാലിനെ കാളികാവ് പോലീസ് പിടികൂടിയത്. പ്രതിയുടെ പേരില്‍ ഒല്ലൂര്‍ പോലീസ് സ്റ്റേഷനിലും കേസുണ്ട്.
മഞ്ചേരി കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എസ്‌ഐ അന്‍വര്‍ സാദത്ത് ഇല്ലിക്കല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ റിയാസ് ചീനി, സി.ടി. ഹര്‍ഷാദ്, പ്രശോഭ് മംഗലത്ത്, സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ടി.വിനു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. മൂവാറ്റുപുഴ സ്‌ക്വാഡിലെ ബിപില്‍ മോഹനും അന്വേഷണത്തില്‍ സഹായിച്ചു.