പാലോട് പടക്ക നിര്‍മ്മാണ ശാലയ്ക്ക് തീപിടിച്ച സംഭവം; ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു
പടക്ക നിര്‍മ്മാണ ശാലയ്ക്ക് തീപിടിച്ച സംഭവം; ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു
തിരുവനന്തപുരം: പാലോട് പടക്ക നിര്‍മ്മാണശാലയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. താളിക്കുന്ന സ്വദേശി ഷീബ (45) ആണ് മരിച്ചത്. പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാലോട് പേരയം താളിക്കുന്നിലുള്ള ആന്‍ ഫയര്‍ വര്‍ക്‌സിന്റെ പടക്ക നിര്‍മ്മാണ യൂണിറ്റിന് തീപിടിച്ചത്.
കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ആന്‍ ഫയര്‍വര്‍ക്‌സ്. അപകടത്തില്‍ നിര്‍മ്മാണശാലയിലെ തൊഴിലാളികളായ ഷീബ, ജയ, ശ്രീമതി, മഞ്ജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഷീബയെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഓലപടക്കത്തിന് തിരി കെട്ടി കൊണ്ടിരുന്നപ്പോഴാണ് അപകടം നടന്നത്. വിതുര ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പാലോട് സ്വദേശി അജികുമാറിന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ യൂണിറ്റിന് 25 മീറ്റര്‍ മാറിയാണ് സംഭരണകേന്ദ്രവും ഉള്ളത്.