ഓപ്പറേഷന്‍ ബ്ലാക്ക് ബോര്‍ഡ്: പൊതുവിദ്യാഭ്യാസവകുപ്പിന് കീഴില്‍ വരുന്ന വിവിധ ഓഫീസുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന

Update: 2025-11-19 06:50 GMT

തിരുവനന്തപുരം : സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള റീജയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുകളിലും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളുടെ ചുമതലയുള്ള അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുകളിലും ഹൈസ്‌കൂളുകളുടെ ചുമതലയുള്ള ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക/അനധ്യാപകരുടെ സര്‍വീസ് സംബന്ധമായ വിവിധ വിഷയങ്ങളില്‍ ക്രമക്കേടുകളും അഴിമതികളും നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.

എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക/അനധ്യാപക നിയമനം, നിയമനം ക്രമവത്ക്കരിക്കല്‍, പുതിയ തസ്തിക സൃഷ്ടിക്കല്‍, ഭിന്നശേഷി സംവരണ പ്രകാരമുള്ള തസ്തികകളിലെ നിയമനങ്ങളും അവയുടെ ക്രമവത്കരണം എന്നീ വിഷയങ്ങളില്‍ ചില ഉദ്യോഗസ്ഥര്‍ ഫയലുകളില്‍ നടപടി എടുക്കുന്നതിനായി ഉദ്യോഗാര്‍ഥികളില്‍ നിന്നും കൈക്കൂലിയായി പണം കൈപ്പറ്റാറുണ്ടെന്ന് വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. ഫയലുകളിലെ ന്യൂനതകള്‍ പരിഹരിക്കുന്നതിനെന്ന പേരില്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്നും തന്നെ വിരമിച്ച ചില ഉദ്യാഗസ്ഥരെ സര്‍വീസ് കണ്‍സള്‍ട്ടന്റുകള്‍ എന്ന രീതിയില്‍ സമീപിക്കാന്‍ ഉദ്യോഗാര്‍ഥികളെ നിര്‍ബന്ധിക്കുകയും ഈ ഉദ്യോഗസ്ഥര്‍ ഇടനിലക്കാരായി നിന്ന് വലിയ തുക അധ്യാപകരില്‍ നിന്നും കൈക്കൂലിയായി വാങ്ങി വീതം വയ്ക്കുന്നതുമായാണ് വിജിലന്‍സിന് ലഭിച്ച വിവരം.

കൂടാതെ എയ്ഡഡ് മേഖലയിലെ അധ്യാപക/അനധ്യാപകകരുടെ സര്‍വീസ് ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ അനാവശ്യ കാലതാമസം വരുത്തുന്നതായും ഭൂരിഭാഗം അപേക്ഷകളും ചില ഉദ്യോഗസ്ഥര്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് വൈകിപ്പിക്കാറുള്ളതായും ആനുകൂല്യങ്ങള്‍ക്ക് ആനുപാതികമായ കൈക്കൂലി ലഭിച്ചാല്‍ മാത്രമേ പ്രസ്തുത അപേക്ഷകളില്‍ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കാറുള്ളുവെന്നും വിവരം ലഭിച്ചിട്ടുണ്ട്.

തുടര്‍ന്നാണ് സംസ്ഥാനത്തെ 41 ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും 7 റീജയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുകളിലും 7 അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുകളിലും രാവിലെ മുതല്‍ മിന്നല്‍ പരിശോധന ആരംഭിച്ചത്. പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍, വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പറിലോ, വാട്ട്‌സ്ആപ്പ് നമ്പറായ 9447789100 എന്ന നമ്പറിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം അറിയിച്ചു.

Similar News