സ്ഥാനാര്‍ഥികളുടെ ഇരവാദത്തിലൂടെ സംസ്ഥാനത്ത് ഇപ്പോള്‍ അരങ്ങേറുന്നത് ഒരു പുതിയ രാഷ്ട്രീയ നാടകം; പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: സ്ഥാനാര്‍ഥികളുടെ ഇരവാദത്തിലൂടെ സംസ്ഥാനത്ത് ഇപ്പോള്‍ അരങ്ങേറുന്നത് ഒരു പുതിയ രാഷ്ട്രീയ നാടകമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 'ജനസേവനം' എന്ന വാക്ക് മറന്നുകളഞ്ഞ ഒരു രാഷ്ട്രീയ പാര്‍ടിയുടെ പി ആര്‍ തന്ത്രമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാണുന്നത്. വോട്ടവകാശം പോലുമില്ലാത്ത, അല്ലെങ്കില്‍ വോട്ടര്‍ പട്ടികയില്‍ കൃത്യമായ മേല്‍വിലാസം ചേര്‍ക്കാത്തവരെ സ്ഥാനാര്‍ഥികളായി പ്രഖ്യാപിക്കുന്നു. അതിനുശേഷം, നിയമം നിയമത്തിന്റെ വഴിക്ക് പോകുമ്പോള്‍, 'ഞങ്ങളെ മത്സരിപ്പിക്കാന്‍ അനുവദിക്കുന്നില്ല' എന്ന് പറഞ്ഞ് നേതാക്കള്‍ കരഞ്ഞ് നിലവിളിക്കുന്നു.
ഇത് ജനാധിപത്യത്തോടുള്ള കടുത്ത വെല്ലുവിളിയാണ്. ഇവിടുത്തെ നിയമങ്ങളെയും തെരഞ്ഞെടുപ്പ് കമീഷനെയും പരിഹസിക്കുന്നതിന് തുല്യമാണ് ഇത്തരം നാടകം. തീരുമാനം എടുക്കാന്‍ അധികൃതര്‍ക്ക് സമയം പോലും നല്‍കാതെയാണ് ഈ ഇരവാദം. ജനങ്ങളുടെ മുന്നില്‍ വിശ്വാസ്യതയോടെ നില്‍ക്കാന്‍ കഴിവില്ലാത്തതുകൊണ്ടാണോ, കള്ളക്കഥകള്‍ മെനഞ്ഞ്, 'ഇരവാദം' പറഞ്ഞ് ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുന്നത്? എന്ന് മന്ത്രി ആരാഞ്ഞു.
ഇത്തരം തന്ത്രങ്ങള്‍ മെനയുന്നവര്‍ ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. മാധ്യമങ്ങള്‍ ഈ കെണിയില്‍ വീഴരുത്. യഥാര്‍ഥ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണം. വ്യാജ പ്രസ്താവനകളുടെ പിന്നിലെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാണിക്കണം. നിയമപരമായി ശരിയായ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ പോലും ശേഷിയില്ലാത്ത ഒരു പാര്‍ടി എങ്ങനെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുന്നതെന്നും വി ശിവന്‍കുട്ടി ചോദിച്ചു.