തുണി ഉണക്കാന്‍ ടെറസില്‍ കയറിയപ്പോള്‍ അയല്‍വീട്ടിലെ ടെറസില്‍ ആളനക്കം; ഒളിച്ചിരുന്ന മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു
കോട്ടയം: വീടിനു മുകളിലെ ടെറസില്‍ ഒളിച്ചിരുന്ന മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി മേലുകാവ് പൊലീസിനെ ഏല്പിച്ചു. കോട്ടയത്തെ കൊല്ലപ്പള്ളിയിലാണ് സംഭവം. കഴിഞ്ഞ ദിവസം തൊട്ടടുത്ത ഇരുനില വീട്ടിന്റെ ടെറസില്‍ തുണി ഉണക്കാന്‍ കയറിയ സ്ത്രീയാണ് അയല്‍വീടിന്റെ ടെറസില്‍ മോഷ്ടാവ് ഒളിച്ചിരിക്കുന്നത് കണ്ടത്.
തുടര്‍ന്ന് അയല്‍വാസികളെ വിവരം അറിയിക്കുകയും മോഷ്ടാവിനെ പിടികൂടുകയായിരുന്നു. എറണാകുളം പറവൂര്‍ സ്വദേശിയാണ് ഇയാള്‍. നേരത്തേ, കൊടുമ്പിടിയില്‍ ഒരു കെട്ടിടത്തില്‍ ജോലി കഴിഞ്ഞ് ഉറങ്ങിക്കിടന്ന തൊഴിലാളികളുടെ രണ്ടു മൊബൈല്‍ ഫോണും 5000 രൂപയും മോഷണംപോയിരുന്നു.
ഒരാഴ്ച മുമ്പ് കാവുംകണ്ട പ്രദേശത്തെ വീടുകളില്‍ മോഷണശ്രമവും നടന്നിരുന്നു. ഒരുമാസം മുമ്പ് കുറുമണ്ണ് പള്ളിയില്‍ നിന്ന് ചെമ്പുകമ്പിയും പ്രദേശത്തെ 2 വീടുകളില്‍ നിന്ന് 500 കിലോയോളം റബര്‍ ഷീറ്റും ഒട്ടുപാലും മോഷണം പോയിരുന്നു. കടനാട് ക്ഷേത്രത്തിലും മോഷണം പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു. കടനാട്, കൊടുമ്പിടി, കാവുംകണ്ടം പ്രദേശങ്ങള്‍ മോഷ്ടാക്കളുടെ കേന്ദ്രമാണ്.