പകല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ സജീവ പ്രചാരകന്‍; രാത്രിയില്‍ വ്യാജവാറ്റ്; ചാരായവും കോടയുമായി ഒരാള്‍ പിടിയില്‍
ഇടുക്കി : നെടുങ്കണ്ടത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് വിതരണം ചെയ്യാനായി തയറാക്കിയ ചാരായവും കോടയുമായി ഒരാള്‍ പിടിയില്‍. പൊന്നാമല കാരിമലയില്‍ ബിജു കുര്യനാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്. അഞ്ച് ലിറ്റര്‍ ചാരായവും 25 ലിറ്റര്‍ കോടയും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പൊന്നാമല മേഖലയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ സജീവ പ്രചാരകനാണ് പിടിയിലായ ബിജു കുര്യന്‍.
പകല്‍ പ്രചാരണവും രാത്രിയില്‍ വ്യാജ വാറ്റും നടത്തിവരികയായിരുന്നു. ഇടുക്കി എക്‌സൈസ് സ്‌പെഷ്യല്‍സ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.ഇയാളുടെ പേരിലുള്ള ആള്‍താമസമില്ലാത്ത വീട്ടിനുള്ളിലാണ് ചാരായം വാറ്റിയിരുന്നത്.
തിരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ചാണ് പരിശോധന നടത്തിയത്. ഇടുക്കി എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ കെ.വി.രാജേഷ്‌കുമാരിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വാറ്റ് സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണ് എക്‌സൈസ് . പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു