കേരളത്തില്‍ ഈ വര്‍ഷം കൈക്കൂലി വാങ്ങിയതിന് രജിസ്റ്റര്‍ ചെയ്തത് 50 കേസുകള്‍; അറസ്റ്റ് ചെയ്തത് ആകെ 68 പ്രതികള്‍

Update: 2025-11-27 07:39 GMT

തിരുവനന്തപുരം: കേരളത്തില്‍ ഈ വര്‍ഷം കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ (വിഎസിബി) രജിസ്റ്റര്‍ ചെയ്തത് 50 കേസുകള്‍. കൈക്കൂലി ആവശ്യപ്പെട്ടതിനും വാങ്ങിയതിനുമാണ് കേസ്. വിവിധ വകുപ്പുകളിലായി നടന്ന ട്രാപ്പ് ഓപ്പറേഷനുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇടനിലക്കാരും ഉള്‍പ്പെടെ ആകെ 68 പ്രതികളെയാണ് ഈ വര്‍ഷം അറസ്റ്റ് ചെയ്തത്. 50 കേസുകളില്‍ റവന്യൂ വകുപ്പില്‍ - 17, തദ്ദേശ സ്വയംഭരണ വകുപ്പ്-10, പൊലീസ്- ആറ്, വിദ്യാഭ്യാസ വകുപ്പ് - മൂന്ന്, കെഎസ്ഇബി- മൂന്ന്, വിവിധ വകുപ്പുകളില്‍ നിന്നുള്ള 11 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ (ടിഡിബി) കീഴിലുള്ള മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിലെ സബ് ഗ്രൂപ്പ് ഓഫീസറും ആലപ്പുഴ ജില്ലയിലെ കുട്ടമ്പേരൂര്‍ കുന്നത്തൂര്‍ ശ്രീ ദുര്‍ഗാദേവി ക്ഷേത്രത്തിന്റെ റിസീവറുമായ ശ്രീനിവാസനെതിരെ രജിസ്റ്റര്‍ ചെയ്തതാണ് അമ്പതാമത്തെ കേസ്. ക്ഷേത്രാചാരങ്ങള്‍ സുഗമമാക്കുന്നതിന് കൈക്കൂലി വാങ്ങിയതിനാണ് ഇയാളെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്.

Similar News