മുനമ്പത്തെ ജനങ്ങളുടെ നിയമപരമായ എല്ലാ അവകാശങ്ങളും സര്‍ക്കാര്‍ സംരക്ഷിക്കും; ഒരാളെപ്പോലും കുടിയിറക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി പി രാജീവ്
കൊച്ചി: മുനമ്പത്തെ ജനങ്ങളുടെ നിയമപരമായ എല്ലാ അവകാശങ്ങളും സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും ഒരാളെപ്പോലും കുടിയിറക്കാന്‍ അനുവദിക്കില്ല എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി പി രാജീവ്. 'കരം അടയ്ക്കാന്‍ അനുവദിക്കണം എന്നാണ് സര്‍ക്കാരും കോടതിയില്‍ അറിയിച്ചത്. കരം അടക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. സമരം അവസാനിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സമരസമിതിയാണ്. ഒരാളെപ്പോലും കുടിയിറക്കാന്‍ അനുവദിക്കില്ല എന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്. നിയമപരമായ എല്ലാ അവകാശങ്ങളും സര്‍ക്കാര്‍ സംരക്ഷിക്കും എന്നും വ്യക്തമാക്കിയിരുന്നു' മന്ത്രി പി രാജീവ് പറഞ്ഞു.
അതേസമയം കരം അടയ്ക്കാന്‍ അനുവദിച്ചുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി എത്തിയതോടെ മുനമ്പം തീരജനത ആശ്വാസത്തിലായി. മുനമ്പം തീരഭൂമി വഖഫ് അല്ലെന്ന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അഡ്വക്കറ്റ് ജനറല്‍ നേരിട്ട് ഹാജരായി കരം സ്വീകരിക്കാന്‍ അനുമതി നല്‍കണമെന്ന് അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതി എല്ലാ റവന്യു അവകാശങ്ങളും പുനഃസ്ഥാപിച്ചത്. ഇതോടെ വര്‍ഷങ്ങളായി നിലനിന്ന പ്രതിസന്ധിക്ക് അറുതിയായി. വിധി വന്നതിനുപിന്നാലെ മുനമ്പത്തെ 15 കുടുംബങ്ങള്‍ കുഴുപ്പിള്ളി വില്ലേജ് ഓഫീസിലെത്തി കരം അടച്ചു.