രാജ്യത്തിന്റെ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുന്നതിന് കേരള മണ്ണില്‍ നിന്ന് വലിയ സംഭവനകളുണ്ടാകുമെന്നുറപ്പ്; ബ്രഹ്‌മോസില്‍ പ്രതികരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ കുതിപ്പിന് കരുത്തേകി കൊണ്ട് ബ്രഹ്‌മോസ് ഏറോസ്‌പേസ് ട്രിവാന്‍ഡ്രം ലിമിറ്റഡിന്റെ പ്രതിരോധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായി 180 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ കൈമാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുന്നതിന് കേരള മണ്ണില്‍ നിന്ന് വലിയ സംഭവനകളുണ്ടാകുമെന്നുറപ്പാണെന്നും പുതിയ തൊഴിലവസരങ്ങളും നിക്ഷേപ സാധ്യതകളും സൃഷ്ടിക്കപ്പെടുന്നത് വഴി സംസ്ഥാനത്തിന്റെ വളര്‍ച്ചയിലും പുതിയ യൂണിറ്റ് വലിയ പങ്കു വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ അഭിമാന മിസൈല്‍ പദ്ധതിയായ ബ്രഹ്‌മോസ് അടക്കമുള്ള കേന്ദ്രപദ്ധതികള്‍ക്ക് തിരുവനന്തപുരം കാട്ടാക്കടയിലെ നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന്റെ ഭൂമി നല്‍കാനാണ് സര്‍ക്കാരിന് സുപ്രീംകോടതിയുടെ അനുമതി നല്‍കിയത്.
ഫെയ്‌സ്ബുക്ക് കുറിപ്പ്
കേരളത്തിന്റെ കുതിപ്പിന് കരുത്തേകി കൊണ്ട് ബ്രഹ്‌മോസ് ഏറോസ്‌പേസ് ട്രിവാന്‍ഡ്രം ലിമിറ്റഡിന്റെ പ്രതിരോധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായി 180 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ കൈമാറുകയാണ്. ബ്രഹ്‌മോസ് മിസൈല്‍ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് തിരുവനന്തപുരം കാട്ടാക്കടയിലെ തുറന്ന ജയില്‍ വളപ്പിലെ ഭൂമി ഡിആര്‍ഡിഓയ്ക്ക് കൈമാറാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരിക്കുന്നുവെന്ന വാര്‍ത്ത സന്തോഷകരമാണ്.
മിസൈല്‍ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനായി ഭൂമി ആവശ്യപ്പെട്ട് ബ്രഹ്‌മോസ് സര്‍ക്കാരിനെ സമീപിച്ചതിനെ തുടര്‍ന്ന് രണ്ട് സ്ഥലങ്ങള്‍ പദ്ധതിക്ക് വേണ്ടി കണ്ടെത്തിയിരുന്നു. തുടര്‍ന്നുള്ള നടപടി ക്രമങ്ങളുടെ ഭാഗമായി കാട്ടാക്കട നെട്ടുകാല്‍ത്തേരിയിലെ ഭൂമി പദ്ധതി പ്രദേശമായി തെരഞ്ഞെടുക്കുകയാണുണ്ടായത്. സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം സ്ഥലം വിട്ടുകൊടുക്കുന്നതില്‍ തടസ്സങ്ങള്‍ ഉള്ളതിനാല്‍ വിദഗ്ദ്ധ നിയമോപദേശം തേടിയിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെ അടക്കമുള്ള അനുകൂല ഉപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കുന്നതിനായി സുപ്രീംകോടതിയെ സമീപിക്കുകയാണുണ്ടായത്.
സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ ഡിആര്‍ഡിഓയുടെ കീഴിലുള്ള ബിഎടിഎല്‍ അത്യാധുനിക മിസൈലുകളുടെയും സ്ട്രാറ്റജിക് പ്രതിരോധ ഉപകരണങ്ങളുടെയും രണ്ടാം നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കും. കൂടാതെ 32 ഏക്കര്‍ ഭൂമി നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റി സ്ഥാപിക്കാനും 45 ഏക്കര്‍ ഭൂമി ശസ്ത്ര സീമ ബല്‍ (എസ്എസ്ബി) ബറ്റാലിയന്‍ ഹെഡ് ക്വാട്ടേഴ്സ് സ്ഥാപിക്കാന്‍ കൈമാറാനും സുപ്രീം കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഇതുവഴി രാജ്യത്തിന്റെ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുന്നതിന് കേരള മണ്ണില്‍ നിന്ന് വലിയ സംഭവനകളുണ്ടാകുമെന്നുറപ്പാണ്. കൂടാതെ പുതിയ തൊഴിലവസരങ്ങളും നിക്ഷേപ സാധ്യതകളും സൃഷ്ടിക്കപ്പെടുന്നത് വഴി സംസ്ഥാനത്തിന്റെ വളര്‍ച്ചയിലും ഈ പുതിയ യൂണിറ്റ് വലിയ പങ്കു വഹിക്കും.
