'സഹോദരിമാര്‍ക്ക് നീതി കിട്ടുന്നതില്‍ ചാരിതാര്‍ഥ്യമുണ്ട്; സ്ത്രീകളുടെ വിജയത്തിന്റെ തുടക്കമാണിത്; സ്ത്രീപക്ഷ നടപടി സ്വീകരിച്ചതില്‍ പാര്‍ട്ടിയോടും പാര്‍ട്ടി നേതൃത്വത്തോടും എല്ലാ നന്ദിയും അറിയിക്കുന്നു'; പ്രതികരിച്ച് നടി റിനി ആന്‍ ജോര്‍ജ്

Update: 2025-12-04 10:49 GMT

കൊച്ചി: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സംഭവത്തില്‍ പ്രതികരിച്ച് നടി റിനി ആന്‍ ജോര്‍ജ്. അതിജീവിതകള്‍ നേരിട്ടിട്ടുള്ള ക്രൂര പീഡനത്തിന് അവര്‍ക്ക് കിട്ടുന്ന നീതിയുടെ തുടക്കം മാത്രമാണിതെന്ന് റിനി പറഞ്ഞു. എത്ര കള്ളപ്രചാരണങ്ങള്‍ കൊണ്ടു മൂടിവയ്ക്കാന്‍ ശ്രമിച്ചാലും സത്യം പുറത്തുവരും എന്നതിന്റെ ചെറിയ തുടക്കമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിലെ പുതിയ സംഭവവികാസങ്ങള്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആദ്യമായി പരസ്യപ്രതികരണം നടത്തിയത് റിനിയാണ്. ഇതിനു പിന്നാലെ മറ്റ് യുവതികളും മാങ്കൂട്ടത്തിലിനെതിരെ രംഗത്തു വരികയായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സംസാരിച്ചതിന്റെ പേരില്‍ റിനി വ്യാപക സൈബര്‍ ആക്രമണം നേരിട്ടിരുന്നു.

സത്യം തന്നെ ജയിക്കും. ഒരുപാട് സൈബര്‍ അറ്റാക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. കെട്ടിച്ചമച്ച കഥകളാണെന്നായിരുന്നു ആരോപണം. ഇപ്പോള്‍ കോടതി തന്നെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചവയല്ലെന്ന് ആദ്യ സൂചനകള്‍ നല്‍കിയിരിക്കുകയാണ്. അത്രയും വിഷമത്തോടുകൂടി പറഞ്ഞുപോയ കാര്യങ്ങള്‍ക്ക് ഒരുപാട് അനുഭവിക്കേണ്ടിവന്നു. എന്നാല്‍ തന്റെ സഹോദരിമാര്‍ക്ക് നീതി ലഭിക്കുന്നതിന് ഒരു നിമിത്തമായി എന്നതില്‍ അത്യന്തം ചാരിതാര്‍ഥ്യമുണ്ട്.

''സ്ത്രീകളുടെ വിജയത്തിന്റെ തുടക്കമാണിത്. അതിജീവിതമാര്‍ നേരിട്ടിട്ടുള്ള ക്രൂരപീഡനത്തിന് അവര്‍ക്ക് കിട്ടുന്ന നീതിയുടെ തുടക്കം മാത്രമാണിത്. അവരുടെ സന്തോഷത്തില്‍ ഞാനും പങ്കു ചേരുന്നു. ഇനിയും അതിജീവിതമാരുണ്ട്, അവരും തങ്ങളുടെ നീതി കണ്ടെത്തണം'' റിനി പറഞ്ഞു.

രാഹുലിനെ പുറത്താക്കിയതില്‍ റിനി കോണ്‍ഗ്രസ് നേതൃത്വത്തിനു നന്ദി പറഞ്ഞു. ''ഇപ്പോഴാണെങ്കിലും സ്ത്രീപക്ഷ നടപടി സ്വീകരിച്ചതില്‍ പാര്‍ട്ടിയോടും പാര്‍ട്ടി നേതൃത്വത്തോടും എല്ലാ നന്ദിയും അറിയിക്കുന്നു. ഒരുപാട് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നു, ഇതൊക്കെ കെട്ടിച്ചമച്ചതാണ് എന്നായിരുന്നു പ്രചരണം. എന്നാല്‍ അങ്ങനെയല്ല എന്ന് ഇപ്പോള്‍ കോടതി തന്നെ ആദ്യ സൂചന നല്‍കിയിരിക്കുകയാണ്'' റിനി പറഞ്ഞു.

ഏറെ വിഷമത്തോടെ താന്‍ പറഞ്ഞ കാര്യത്തിന്റെ പേരില്‍ ഒരുപാട് അനുഭവിക്കേണ്ടി വന്നുവെന്നും റിനി വ്യക്തമാക്കി ''അത്രയും വിഷമമുണ്ട്. എന്റെ സഹോദരിമാര്‍ക്ക് നീതി കിട്ടുന്നതില്‍ ഒരു നിമിത്തമായി എന്നതില്‍ ആനന്ദവും ചാരിതാര്‍ഥ്യമുണ്ട്'' റിനി പറഞ്ഞു.

ഇനിയും അതിജീവിതകളുണ്ടെന്നാണ് മനസ്സിലാക്കുന്നത്. അവരും കേസിന്റെ ഭാഗമാകണമെന്നും നീതി കണ്ടെത്തണമെന്നും റിനി പറഞ്ഞു. പലര്‍ക്കും പല പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ പലരും പറയാന്‍ മടിക്കുന്ന കാര്യങ്ങളാണ് താന്‍ പറയുന്നതെന്നും, അതിജീവിതകള്‍ തങ്ങളുടെ ട്രോമയുമായി വീട്ടിലിരിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. സ്ത്രീപക്ഷ നടപടി സ്വീകരിച്ചതിന് കോണ്‍ഗ്രസ് നേതൃത്വത്തിന് എല്ലാ അതിജീവിതമാരുടെ പേരിലും നന്ദി പറയുന്നുവെന്നും റിനി കൂട്ടിച്ചേര്‍ത്തു.

Similar News